തിരുവനന്തപുരം: മാലിന്യ സംസ്‌കരണമേഖലയിലെ മാതൃകകളും അനുഭവങ്ങളും പങ്കുവയ്‌ക്കുന്നതിന് ഹരിതകേരളം മിഷനും തദ്ദേശസ്വയംഭരണ വകുപ്പും ശുചിത്വമിഷനും സംയുക്തമായി 15 മുതൽ ശുചിത്വസംഗമം ഒരുക്കുന്നു. കനകക്കുന്നിൽ നടക്കുന്ന സംഗമത്തിൽ ഗ്രാമപഞ്ചായത്ത്, മുനിസിപ്പൽ, കോർപറേഷൻ തലങ്ങളിലെ ജനപ്രതിനിധികളും സംസ്ഥാന, ദേശീയ, അന്തർദ്ദേശീയതല വിദഗ്ദ്ധരും ഉൾപ്പെടെ 1500ലേറെ പ്രതിനിധികൾ പങ്കെടുക്കും. ഇതോടനുബന്ധിച്ച് മാലിന്യ സംസ്‌കരണരംഗത്തെ മാതൃകകളും പ്ലാസ്റ്റിക്കിന് പകരമുള്ള ഉത്പന്നങ്ങളും ഉൾപ്പെടുത്തി പ്രദർശനവിപണന മേളയും സംഘടിപ്പിച്ചിട്ടുണ്ട്. 15 മുതൽ പ്രദർശനവും 21,22 തീയതികളിൽ ശില്പശാലയും നടക്കും. 21ന് വൈകിട്ട് ശില്പശാല മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.സി. മൊയ്‌തീൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാർ, എം.എൽ.എമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. കനകക്കുന്നിലെ സൂര്യകാന്തിയിൽ നടക്കുന്ന പ്രദർശന വിപണനമേള 15ന് വൈകിട്ട് അഞ്ചിന് മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും.