പൂവാർ: മാലിന്യത്തിനെതിരെ 'വാർ ഓൺ വേസ്റ്റ് ' എന്ന മുദ്രവാക്യമുയർത്തി 'എന്റെ അടിമലത്തുറ' എന്ന വാട്സാപ്പ് ഗ്രൂപ്പ് സംഘടന നടത്തുന്ന മാലിന്യ നിർമ്മാർജ്ജന യജ്ഞം മലയാള നാടിന് മാതൃകയാകുന്നു.
സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതി വകുപ്പ് ഒറ്റത്തവണ മാത്രം ഉപഭോഗമുള്ള പ്ലാസ്റ്റിക് വസ്തുക്കൾ ജനുവരി 1 മുതൽ പൂർണമായി നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ഇറക്കി. എന്നാൽ അടിമലത്തുറ ഗ്രാമം കഴിഞ്ഞ 2019 നവംബർ മുതൽ തന്നെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മുഴുവൻ മാലിന്യങ്ങൾക്കുമെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിക്കുകയായിരുന്നു. കേരളത്തിലെ പൊതു സമൂഹം അടിമലത്തുറയെ മാതൃകയാക്കണമെന്നത് ഒരു ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്.
പൊലീസും, ഗ്രാമ പഞ്ചായത്തും സംയുക്തമായി തീരദേശത്ത് സി.സി.ടി.വി കാമറകൾ സ്ഥാപിക്കുകയാണെങ്കിൽ രാത്രിയിൽ പുറമെ നിന്നും ഇവിടെ മാലിന്യം ഉപേക്ഷിക്കാൻ എത്തുന്നവരെ കണ്ടെത്താൻ കഴിയുമെന്ന് എന്റെ അടിമലത്തുറ 'യുടെ പ്രവർത്തകർ പറയുന്നു.ബോധവത്കരണ കാമ്പയിന്റെ ഭാഗമായി ഐസ് ക്രീം വില്പനക്കാർ കൂടാതെ മറ്റ് കച്ചവടക്കാരും അവരവരുടെ മാലിന്യങ്ങൾ സ്വയം ശേഖരിച്ച് മാറ്റുന്ന പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. ഇതൊരു വിജയമായി സംഘാടകർ നോക്കി കാണുന്നു.
1-ാം ഘട്ടം
ഒന്നാം ഘട്ടമെന്ന നിലയ്ക്ക് പ്രദേശത്തെ തദ്ദേശസ്ഥാപനങ്ങളിലെ മെമ്പർമാർ , സാംസ്കാരിക,രാഷ്ട്രീയ, മത, സമുദായ സംഘടനകൾ, സ്റ്റോർട്സ് ക്ലബുകൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, സ്കൂൾ വിദ്യാർത്ഥികൾ, മറ്റ് പ്രമുഖ വ്യക്തികൾ എന്നിവവരെ ഉൾപ്പെടുത്തിബോധവത്കരണ കാമ്പയിനുകൾ, ചർച്ചകൾ, സെമിനാറുകൾ തുടങ്ങിയവ സംഘടിപ്പിച്ചു.
2-ാം ഘട്ടം
പ്രദേശത്തെ ഓരോ പഞ്ചായത്ത് വാർഡുകൾ കേന്ദ്രീകരിച്ച് ക്ലബുകൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, സ്കൂൾ വിദ്യാർത്ഥികൾ, അയൽക്കൂട്ടങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ രണ്ടാം ഘട്ടമായി ക്ലീനിംഗ് ആരംഭിച്ചു.
നാളുകൾ നീണ്ടു നിന്ന ക്ലീനിംഗ് അടിമലത്തുറ നിവാസികൾക്ക് ആവേശമായി.
3-ാം ഘട്ടം
ക്ലീനിംഗ് പൂർത്തീകരിച്ച പ്രദേശങ്ങളിലെല്ലാം തന്നെ വീടുകളിൽ നിന്നുള്ള മാലിന്യ നിക്ഷേപത്തിനായി പൊതു സ്ഥലങ്ങളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു. കൂടാതെ വനിതകളും സ്കൂൾ കുട്ടികളും ചേർന്ന് വീട് വീടാന്തരം കയറി ഇറങ്ങി പ്ലാസ്റ്റിക് കിറ്റുകൾക്ക് പകരം ഉപയോഗിക്കാൻ കഴിയുന്ന തുണി സഞ്ചികൾ വിതരണം ചെയ്തു.