തിരുവനന്തപുരം: രാത്രി നടത്തം മാത്രമല്ല, സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താനും ഭയമില്ലാതെ നടക്കാനും സംസ്ഥാനത്ത് പ്രത്യേക വനിതാ ഇടനാഴികൾ (വുമൺ കോറിഡോർ) വരുന്നു. എല്ലാ ജില്ലകളിലും ഒരു പാതയാവും ഇതിനായി ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കുക. ഇതിനുള്ള നിർദേശം
സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് നൽകി. സ്ത്രീകൾക്ക് ഏതുസമയത്തും സുരക്ഷിതമായി ഈ പാതകളിലൂടെ സഞ്ചരിക്കുവാനുള്ള സാഹചര്യം ഒരുക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം നഗരസഭയിൽ ഇത്തരമൊരു ആശയം നേരത്തെ ഉയർന്നിരുന്നു. കോട്ടൺഹിൽ ഗേൾസ് സ്‌കൂൾ, വിമൻസ് കോളേജ് എന്നിവിടങ്ങളുടെ സമീപത്താണ് വുമൺ കോറിഡോർ വരിക. ഇത് ഉടൻ സ്ത്രീകൾക്കായി തുറന്നു കൊടുക്കും. രണ്ട് കോടി രൂപ ചെലവിലാണ് തലസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നത്. ഈ ആശയമാണ് സംസ്ഥാന വ്യാപകമായി നടപ്പാക്കാൻ സർക്കാർ ആലോചിക്കുന്നത്.
പ്രത്യേക സജ്ജീകരണങ്ങൾ
ഇടനാഴിയായി തിരഞ്ഞെടുക്കുന്ന പാതയിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ സ്ത്രീകൾക്കായി ഒരുക്കും. ഷീ-ടോയ്‍ലെറ്റുകൾ, നാപ്കിൻ ലഭിക്കുന്ന യന്ത്രങ്ങൾ, റോഡിന് ഇരുവശത്തുമായി പ്രത്യേക ഇരിപ്പിടങ്ങൾ, സംഗീതം ആസ്വദിക്കാൻ എഫ്.എം റേഡിയോ എന്നിവ ഉണ്ടാകും. പാത സി.സി ടി.വി കാമറകളുടെ നിരീക്ഷണത്തിലായിരിക്കും. ഏതുസമയവും പൊലീസ് സഹായം ലഭ്യമാക്കും. സ്ത്രീകളുടെ രാത്രി യാത്ര സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി രാത്രിയിൽ നടത്തം സംഘടിപ്പിച്ചിരുന്നു. അതിന്റെ അടുത്ത ഘട്ടമായാണ് പ്രത്യേക പാതകൾ ഒരുക്കുന്നത്. സ്ത്രീ സൗഹൃദ സംസ്ഥാനം എന്ന ലക്ഷ്യം കൈവരിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് അധികൃതർ പറയുന്നു. ഓരോ ജില്ലയിലും വനിതാ ഇടനാഴികൾക്ക് യോജിച്ച ഇടങ്ങൾ കണ്ടെത്താൻ ജില്ലാ ഭരണ കൂടത്തിന് ഇതിനകം നിർദ്ദേശം നൽകിയിട്ടുണ്ട്.
പൊലീസിനെ അറിയിക്കാതെ രാത്രി നടക്കും
സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിലാണ് തലസ്ഥാനത്തും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും രാത്രി നടത്തം നേരത്തെ സംഘടിപ്പിച്ചത്. ആദ്യഘട്ടത്തിൽ പൊലീസ് സുരക്ഷയുടെ കൂട്ട് ഉണ്ടായിരുന്നുവെങ്കിലും അടുത്ത ഘട്ടത്തിൽ ആരെയും അറിയിക്കാതെ നടക്കാനാണ് വകുപ്പിന്റെ തീരുമാനം. ഇത്തരത്തിൽ നടക്കുമ്പോൾ ശല്യമുണ്ടാക്കുന്നവരെ ഉടൻ തന്നെ പിടികൂടി നിയമ നടപടികൾക്ക് വിധേയമാക്കും.