കല്ലമ്പലം: ദേശീയപാതയിൽ നാവായിക്കുളം മങ്ങാട്ടുവാതുക്കലിന് സമീപം റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന ഉണങ്ങിയ മരം വാഹനങ്ങൾക്ക് ഭീഷണിയായിട്ടും മുറിച്ചുമാറ്റാൻ നടപടിയില്ല. ഏതു സമയവും നിലം പതിക്കാവുന്ന നിലയിലാണ് മരം. ദേശീയപാതയ്ക്ക് തൊട്ടരുകിൽ നിൽക്കുന്ന മരം മുറിച്ചുമാറ്റി അപകടം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമീപവാസികൾ പഞ്ചായത്തിനെയും റോഡ് അതോറിട്ടിയെയും വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കിയില്ലെന്നാണാക്ഷേപം ശക്തമാണ്. തൊട്ടടുത്തു നിന്നിരുന്ന മരം മൂന്ന് മാസം മുൻപ് രാത്രിയിൽ റോഡിൽ വീഴുകയും ബൈക്ക് യാത്രികന് പരിക്കേൽക്കുകയും ചെയ്തിരുന്നു. അന്ന് ഗതാഗതം മുടങ്ങിയതിനെ തുടർന്ന് ഫയർഫോഴ്സെത്തി റോഡിൽനിന്നും മരം നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഇരുപത്തെട്ടാംമൈലിലും റോഡിനരുകിൽ നിന്നിരുന്ന മരം ഒടിഞ്ഞുവീണ് കാത്തിരുപ്പുകേന്ദ്രം തകർന്നത് അടുത്തിടെയാണ്. മറ്റൊരു അപകടത്തിന് കാത്തു നിൽക്കാതെ മരം മുറിച്ചുമാറ്റണമെന്നാണ് ആവശ്യം ശക്തമാണ്.