കാൻസർ രോഗികളുടെ സംഖ്യ ഓരോ വർഷവും സംസ്ഥാനത്ത് ഉത്കണ്ഠാകുലമായ നിലയിൽ വർദ്ധിക്കുന്നു. കാൻസർ ചികിത്സാ രീതികളിൽ ഇതിനകം കൈവരിച്ച പുരോഗതി വളരെയധികം പേരുടെ ജീവൻ രക്ഷിക്കുന്നുണ്ട്. എന്നിരുന്നാലും സമയത്തും കാലത്തും രോഗം കണ്ടുപിടിക്കാനോ ചികിത്സിക്കാനോ കഴിയാത്തതു കാരണം അകാല മരണത്തിനിരയാകുന്നവരും കുറവല്ല. രോഗികളെ മാത്രമല്ല രോഗിയുടെ കുടുംബത്തെ ഒന്നാകെ തളർത്തുന്ന രോഗമായി കാൻസർ മാറിയിട്ടുണ്ട്. താങ്ങാനാവാത്ത കാൻസർ ചികിത്സാ ചെലവ് ആയിരക്കണക്കിനു കുടുംബങ്ങളെയാണ് വഴിയാധാരമാക്കുന്നത്. നിർദ്ധന രോഗികൾക്ക് ഒരളവോളം സർക്കാരോ ജീവകാരുണ്യ സംഘടനകളോ സഹായത്തിനെത്തുമെങ്കിലും അതുകൊണ്ടൊന്നും നേരിടാവുന്നതല്ല കൂട്ടിയാൽ കൂടാത്ത കാൻസർ ചികിത്സാ ചെലവുകൾ. ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള ചികിത്സ ലഭിക്കുന്ന ആശുപത്രികൾ പലതും സ്വകാര്യ മേഖലയിലാണെന്നത് സാധാരണ രോഗികളെ വലയ്ക്കുന്നു. ആരോഗ്യരംഗത്ത് കേരളം മറ്റു സംസ്ഥാനങ്ങളെക്കാൾ ഏറെ മുന്നിലായിട്ടും ചികിത്സാ ചെലവ് ഏറെ വേണ്ടിവരുന്ന കാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങളുടെ കാര്യത്തിൽ സാധാരണക്കാർക്ക് കിടപ്പാടം വരെ തീറെഴുതേണ്ട സ്ഥിതിയാണുള്ളത്.
സംസ്ഥാനത്ത് ഓരോ വർഷവും അൻപതിനായിരം പേർക്കെങ്കിലും പുതുതായി കാൻസർ രോഗം പിടിപെടുന്നുണ്ടെന്നാണു കണക്ക്. വർദ്ധിച്ചുകൊണ്ടിരിക്കുന്ന രോഗാവസ്ഥ നേരിടാനാവശ്യമായ ചികിത്സാ സൗകര്യങ്ങൾ വർദ്ധിക്കുന്നില്ലെന്നത് സർക്കാരിനും വെല്ലുവിളിയായി മാറിയിട്ടുണ്ട്. കാൻസർ നിർണയത്തിനും ബോധവത്കരണത്തിനും വിപുലമായ കർമ്മപരിപാടികൾ ഈ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് നടപ്പാക്കിവരുന്നത്. താലൂക്ക് ആശുപത്രികളിൽ വരെ രോഗനിർണയത്തിനും ചികിത്സയ്ക്കുമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയതും അതുകൊണ്ടാണ്. കാൻസർ ചികിത്സ സമഗ്രവും ഫലപ്രാപ്തവുമാക്കുന്നതിനായി ഒരു കാൻസർ സുരക്ഷാ ബോർഡ് രൂപീകരിക്കുന്നതിനെക്കുറിച്ചാണ് സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. കാൻസർ ചികിത്സയും പ്രതിരോധ നടപടികളുമൊക്കെ ഏകോപിപ്പിക്കുന്നതിനും ചികിത്സാ മാനദണ്ഡങ്ങൾക്കു രൂപം നൽകുന്നതിനുമൊക്കെ വേണ്ടിയുള്ളതാകും ഇത്തരമൊരു ബോർഡ്. കഴിഞ്ഞ വാരാന്ത്യത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ അദ്ധ്യക്ഷതയിൽ ആരോഗ്യവകുപ്പ് മേധാവികളുടെ യോഗം ഇതു സംബന്ധമായി തീരുമാനവുമെടുത്തു എന്നാണറിയുന്നത്. സർക്കാർ - സ്വകാര്യ മേഖലകളിലുള്ള കാൻസർ ചികിത്സാകേന്ദ്രങ്ങൾ പരസ്പരം ബന്ധിപ്പിച്ച് രോഗികൾക്ക് ഏറ്റവും നല്ല ചികിത്സ എത്തിക്കുക എന്ന ദൗത്യമാണ് കാൻസർ കെയർ ബോർഡ് ഏറ്റെടുക്കുക. ഭാവിയിൽ സംസ്ഥാനത്ത് കാൻസർ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും നയാസൂത്രണാധികാരം ബോർഡിനാകും. പുതിയ കാൻസർ ചികിത്സാ പദ്ധതികൾ ആവിഷ്കരിക്കാനും പ്രതിരോധ നടപടികൾ നടപ്പാക്കാനും ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്താനും കാൻസർ ചികിത്സയ്ക്കുള്ള ഔഷധങ്ങൾ ശേഖരിച്ചു സൂക്ഷിക്കാനുമുള്ള ചുമതല ഭാവിയിൽ ബോർഡിനെ ഏല്പിക്കാനാണു സർക്കാർ ഉദ്ദേശിക്കുന്നത്. ബോർഡിന് സംസ്ഥാന - ജില്ലാതല കമ്മിറ്റികളുണ്ടാകും. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരും ഡോക്ടർമാരും ഉൾപ്പെട്ടതാകും സമിതികൾ. ആർ.സി.സി പോലുള്ള ചികിത്സാകേന്ദ്രങ്ങളുടെ അധികാരികളും സമിതിയിൽ ഉണ്ടാകും. ചികിത്സാരീതികളുടെ ഏകോപനത്തിനും പ്രാദേശിക തലത്തിൽ വരെ ചികിത്സാ സൗകര്യങ്ങൾ എത്തിക്കുന്നതിനുമുള്ള മാർഗനിർദ്ദേശങ്ങൾ ബോർഡ് വഴിയാകും പുറപ്പെടുവിക്കുക.
മറ്റു മാരക രോഗങ്ങളുടെ കാര്യത്തിലെന്നപോലെ കാൻസർ ചികിത്സയിലും സംസ്ഥാനം വൻ പുരോഗതി കൈവരിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയും വലിയ സംഭാവനകളാണ് നൽകുന്നത്. അതേസമയം സാധാരണക്കാരും ഇടത്തരക്കാരുമായ രോഗികൾക്ക് ശരണം സർക്കാർ ആശുപത്രികൾ തന്നെയാണ്. അവിടെ സൗകര്യങ്ങൾ എത്രകണ്ടു വർദ്ധിക്കുന്നോ സാധാരണക്കാർക്ക് അത് കൂടുതൽ ആശ്വാസം നൽകും.
ചികിത്സാ ചെലവുകൾ സംബന്ധിച്ച് ഏകീകരണം ഒരു പരിധിവരെയെങ്കിലും പാലിക്കാൻ കഴിഞ്ഞാൽ വലിയ ആശ്വാസമാകും. അതുപോലെ തന്നെയാണ് ഔഷധങ്ങളുടെ കാര്യവും. ഔഷധങ്ങൾക്കും ചികിത്സയ്ക്കും വേണ്ടിയുള്ള താങ്ങാനാവാത്ത ചെലവാണ് ശരാശരി കുടുംബങ്ങളെ കുത്തുപാളയെടുപ്പിക്കുന്നത്. കാൻസർ ചികിത്സയ്ക്കുള്ള പല ഔഷധങ്ങൾക്കും അടുത്തകാലം വരെ കൊള്ളവിലയാണ് കുത്തക മരുന്നുകമ്പനികൾ ഈടാക്കിവന്നിരുന്നത്. സർക്കാരും കോടതിയുമൊക്കെ പല ഘട്ടങ്ങളിൽ ഫലപ്രദമായി ഇടപെട്ടതോടെ വിലയിൽ വലിയ ആശ്വാസമുണ്ടായിട്ടുണ്ട്. എന്നിരുന്നാലും സങ്കീർണ ചികിത്സാ രീതികൾക്കാവശ്യമായ ചില ഔഷധങ്ങൾക്ക് താങ്ങാനാവാത്ത വില ഇപ്പോഴും നൽകേണ്ടിവരുന്നു. പുതിയ ബോർഡ് നിലവിൽ വരുന്നതോടെ കാൻസർ ഔഷധങ്ങളുടെ സംഭരണവും വിതരണവും അതിനു കീഴിലായാൽ വില നിയന്ത്രണം ഫലപ്രദമായി നടപ്പാക്കാനാകും. ഇപ്പോൾത്തന്നെ പരസ്യവിപണിയിലും സർക്കാരിന്റെ നീതി സ്റ്റോറിലും ഔഷധ വിലയിലെ വലിയ വ്യത്യാസം വളരെ പ്രകടമാണ്. കാൻസർ ചികിത്സയുടെ ദുർവഹമായ സാമ്പത്തിക ഭാരത്തിൽ നിന്ന് സാധാരണ കുടുംബങ്ങളെ എങ്ങനെ കരകയറ്റാനാകുമെന്ന് സർക്കാർ ചിന്തിക്കണം.സംസ്ഥാനത്തുള്ളവർക്ക് എതുതരം അസുഖം വന്നാലും മുഴുവൻ ചികിത്സാ ചെലവും വഹിക്കുന്ന രീതിയാണ് ഡൽഹി സർക്കാർ ഇപ്പോൾ തന്നെ പിൻതുടരുന്നത്.കേരളത്തിലെ ജനസംഖ്യ കൂടുതലായതിനാൽ അത്രത്തോളം ചെയ്തില്ലെങ്കിലും കാൻസർ രോഗികളുടെ ചികിത്സാ ചെലവ് മുഴുവൻ സർക്കാർ ഏറ്റെടുത്താൽ അത് വലിയൊരു പുണ്യകർമ്മം തന്നെയാകും.