flag

തിരുവനന്തപുരം: കാട്ടുതീയെ പ്രതിരോധത്തിന് വനംവകുപ്പ് രണ്ട് ആധുനിക ഫയർ റെസ്‌പോണ്ടർ വാഹനങ്ങൾ സ്വന്തമാക്കി. വനസംരക്ഷണത്തിനുള്ള പരമ്പരാഗത രീതികൾക്കൊപ്പം അത്യന്താധുനിക സംവിധാനങ്ങളും ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുമെന്ന് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചുകൊണ്ട് മന്ത്രി കെ. രാജു പറഞ്ഞു. പി.കെ. കേശവൻ, ദേവേന്ദ്രകുമാർ വർമ, ബെന്നിച്ചൻ തോമസ്, ഗോപാലകൃഷ്ണൻ, ഇ. പ്രദീപ് കുമാർ, വി.വി. ഷാജിമോൻ തുടങ്ങിയവർ പങ്കെടുത്തു.

 ഫോറസ്റ്റ് ഫയർ റെസ്‌പോണ്ടർ

കൂപ്പു റോഡുകളിലൂടെ ഉൾവനങ്ങളിലെത്തി അഗ്നിശമന - പ്രതിരോധ പ്രവർത്തനങ്ങളിലും രക്ഷാപ്രവർത്തനത്തിലും ഏർപ്പെടാവുന്ന വാഹനങ്ങളാണിത്. 59 ലക്ഷം രൂപയാണ് വില. രക്ഷാപ്രവർത്തർക്കുള്ള ആധുനിക ഫയർസ്യൂട്ട്, അനുബന്ധ ഉപകരണങ്ങൾ എന്നിവ വാഹനങ്ങളിലുണ്ട്. ജർമ്മൻ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന പമ്പുകൾ ജലത്തെ ചെറുകണികകളാക്കി നൂറ് മീറ്ററിലേറെ ദൂരത്തേക്ക് തളിക്കും. മരങ്ങൾ വീണ് മാർഗതടസം അടിയന്തരമായി പരിഹരിക്കാനുള്ള ഉപകരണങ്ങൾ, വന്യജീവികളെ കാട്ടിലേക്ക് തുരത്തുന്നതിനുള്ള സൈറൺ, പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകുന്നതിനുള്ള സംവിധാനം, കാട്ടിൽ ആവശ്യമായ വെളിച്ചം ലഭ്യമാക്കുന്നതിനുള്ള സെർച്ച് ലൈറ്റുകൾ എന്നിവയും വാഹനങ്ങളിലുണ്ട്. ആദ്യഘട്ടത്തിൽ സെൻട്രൽ സർക്കിൾ തൃശൂർ, ഈസ്റ്റേൺ സർക്കിൾ പാലക്കാട് എന്നിവിടങ്ങളിലാണ് വാഹനങ്ങളുടെ സേവനം ലഭിക്കുന്നത്.