kodikunnil-suresh

തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സി.പി.എം നടത്തുന്ന അസത്യ പ്രചാരണം ജനം തള്ളുമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സി.പി.എമ്മുമായി ചേർന്ന് സമരം ചെയ്യാൻ മുല്ലപ്പള്ളിയെ കിട്ടാത്തതിന്റെ അരിശമാണ് സി.പി.എമ്മിന്. പിണറായിയെ എതിർക്കുന്നവരെയെല്ലാം സംഘിയായി ചിത്രീകരിക്കുകയാണ്. മുല്ലപ്പള്ളിയെ അറിയാവുന്ന ജനം ഇത് തിരിച്ചറിയും. പിണറായിയുമായി സമരത്തിന് കൈകോർക്കേണ്ട ഗതികേട് കോൺഗ്രസിനില്ല. കോൺഗ്രസ് ഒറ്റക്കെട്ടായി മുല്ലപ്പള്ളിക്കൊപ്പമാണ്. പിണറായിക്ക് മോദിപ്പേടിയാണെന്നും കൊടിക്കുന്നിൽ പറഞ്ഞു.

ഡി.സി.സി പ്രസിഡന്റുമാരുടെ പദയാത്ര

പൗരത്വ ഭേദഗതിക്കെതിരെ ഡി.സി.സി പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ 20 മുതൽ പദയാത്ര നടത്തുമെന്ന് കൊടിക്കുന്നിൽ അറിയിച്ചു. കോൺഗ്രസിന്റെ താഴെത്തട്ട് മുതലുള്ള സംഘടനാ സംവിധാനം മെച്ചപ്പെടുത്താനും തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾക്ക് പാർട്ടിയെ സജ്ജമാക്കാനും കൂടിയാണ് പദയാത്ര.
എം.പിമായ, എം.എൽ.എമായ, എ.ഐ.സി.സി, കെ.പി.സി.സി ഭാരവാഹികൾ തുടങ്ങിയവർ പദയാത്രകളിൽ പങ്കെടുക്കും. തിരുവനന്തപുരത്ത് ഫെബ്രുവരി ഏഴ് മുതൽ 28 വരെയാണ് പദയാത്ര. പൗരത്വ ഭേദഗതിക്കെതിരെ സർക്കാരുമായി ചേർന്ന് പ്രതിപക്ഷ നേതാവ് നടത്തിയ സമരം കെ.പി.സി.സിയുടെ അനുമതി ഇല്ലാതെയായിരുന്നെന്നും കൊടിക്കുന്നിൽ പറഞ്ഞു.