തിരുവനന്തപുരം: തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ പണിമുടക്കിയും സമരം ചെയ്‌തുമാണ് രാജ്യം വളർന്നതെന്നും പണിമുടക്ക് തുടരണ്ടേ അവസ്ഥയുണ്ടായാൽ അതുതന്നെ ചെയ്യുമെന്നും സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. കേരള ലെജിസ്ളേച്ചർ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ വാർഷിക സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക തകർച്ച നേരിടുമ്പോൾ ജനശ്രദ്ധ തിരിച്ചുവിടാനാണ് പൗരത്വബിൽ പോലുള്ള ജനവിരുദ്ധ നിലപാടുകൾ കേന്ദ്രസർക്കാർ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് സി. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, എൻ.ജി.ഒ യൂണിയൻ ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി, കെ.എസ്.ടി.എ ജനറൽ സെക്രട്ടറി കെ.സി. ഹരികൃഷ്‌ണൻ, പി.വി. രാജേന്ദ്രൻ, ശ്രീലത. കെ.ജി, പി. സുരേഷ് എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ വി.കെ. പ്രശാന്ത് എം.എൽ.എ സ്വാഗതം പറഞ്ഞു.