തിരുവനന്തപുരം: പൗരത്വ നിയമത്തിന്റെ പേരിൽ നിക്ഷിപ്ത താത്പര്യക്കാർ തെറ്റായ പ്രചാരണം നടത്തുകയാണെന്നും തെറ്റിദ്ധാരണയ്ക്ക് അടിസ്ഥാനം ഇത്തരം പ്രചാരണങ്ങളാണെന്നും ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൗരത്വ കാമ്പെയിനിന്റെ ഭാഗമായി പാർട്ടി ദേശീയ അദ്ധ്യക്ഷൻ കൂടിയായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഉടൻ കേരളത്തിലെത്തുമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനെ ഒരു മാസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനിലെ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം നൽകണമെന്ന് മഹാത്മാ ഗാന്ധിയും റാം മനോഹർ ലോഹ്യയും ആവശ്യപ്പെട്ടിരുന്നു. ഏഴ് പതിറ്റാണ്ടോളം കാലത്തെ പഴക്കമുള്ള ആവശ്യമാണ് നരേന്ദ്രമോദി സർക്കാർ നടപ്പാക്കിയത്. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് ഇക്കാര്യത്തിൽ ആശങ്കവേണ്ട.
ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ സുപ്രധാന ഭരണഘടനാ പദവികൾ അലങ്കരിക്കുന്നു. എന്നാൽ പാകിസ്ഥാനിലും ബാംഗ്ലാദേശിലും ഇത്തരം പരിഗണനകളൊന്നും അവിടത്തെ ന്യൂനപക്ഷ സമുദായങ്ങൾക്ക് ലഭിക്കുന്നില്ലെന്നും അരുൺ സിംഗ് പറഞ്ഞു. പൗരത്വ നിയമം നടപ്പാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്രസർക്കാരിനെയും അഭിനന്ദിച്ച് ബി.ജെ.പി പ്രവർത്തകർ കത്തയക്കുന്നതിന്റെ ഉദ്ഘാടനവും അരുൺ സിംഗ് നിർവഹിച്ചു.