വിതുര : ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ വിതുര ഐസറിലേക്ക് പോകുന്ന പ്രധാന റോഡായ തേവിയോട് - ഐസർ - ജേഴ്സിഫാം റോഡ് ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായതായി കെ.എസ്.ശബരീനാഥൻ എം.എൽ.എ അറിയിച്ചു. 29.64 കോടി രൂപ ചെലവാക്കി വിതുര – ബോണക്കാട് റോഡിലെ തേവിയോടു മുതൽ കാണിത്തടം ചെക്ക്പോസ്റ്റ് വരെയുള്ള 7 കിലോമീറ്ററാണ് ആദ്യഘട്ടം നവീകരിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു വർഷങ്ങളായി തകർന്നുകിടന്ന റോഡിൽ അനവധി അപകടങ്ങൾ അരങ്ങേറിയിരുന്നു.ഈ ദുരവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.
റോഡിന്റെ നിർമ്മാണ ഉദ്ഘാടനം നാളെ വൈകിട്ട് 4 മണിക്ക് തേവിയോട് ജംഗ്ഷനിൽ വച്ച് നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ നിർവഹിക്കും. കെ.എസ്.ശബരീനാഥൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അഡ്വ. അടൂർ പ്രകാശ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.അജിത കുമാരി, പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.