കാട്ടാക്കട: കാട്ടാക്കടയിൽ ഉദ്ഘാടനത്തിനായി മിനി സിവിൽ സ്റ്റേഷൻ റെഡി.എന്നാൽ സിവിൽ സ്റ്റേഷനിൽ എത്തണമെങ്കിൽ 'ക്ഷ' വരയ്ക്കണം.ഇതാണ് സിവിൽ സ്റ്റേഷന്റെ ഇപ്പോഴത്തെ സ്ഥിതി. അരുവിക്കര നിയോജക മണ്ഡലത്തിലെ പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കാട്ടാക്കട പബ്ലിക് മാർക്കറ്റിനുള്ളിലാണ് 50 സെന്റ് സ്ഥലം കഴിഞ്ഞ പൂവച്ചൽ പഞ്ചായത്ത് ഭരണസമിതി മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കാൻ നൽകിയത്.
നിർമ്മാണം പൂർത്തിയായെങ്കിലും മാർക്കറ്റിന് പുറകിലെ പെരുംകുളത്തൂർ ക്ഷേത്ര റോഡിലൂടെ മാത്രമേ ഇപ്പോൾ സിവിൽ സ്റ്റേഷനിൽ എത്താൻ കഴിയൂ. ഈ വഴി ഇടുങ്ങിയതായതിനാൽ
ഒരു വാഹനത്തിന് മാത്രമേ കടന്നുപോകാനാകൂ. ഇത് ഗതാഗത പ്രശ്നങ്ങൾക്ക് ഇടയാക്കും. സിവിൽ സ്റ്റേഷനിൽ എല്ലാ ഓഫീസുകളും സജ്ജമാകുമ്പോൾ എപ്പോഴും വാഹനത്തിരക്കാകും.
പഴയ പഞ്ചായത്ത് ഭരണ സമിതി കെട്ടിടം പണി പൂർത്തിയാക്കുമ്പോൾ കാട്ടാക്കട പബ്ലിക്ക് മാർക്കറ്റിന്റെ ഒരു വശത്തുകൂടി പ്രധാന പ്രവേശനകവാടവും റോഡും നിർമ്മിക്കാനുള്ള സ്ഥലം വിട്ടുനൽകാമെന്ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നുവെന്ന് അന്നത്തെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കട്ടയ്ക്കോട് തങ്കച്ചൻ പറയുന്നു.
മിനി സിവിൽ സ്റ്റേഷന് പബ്ലിക്ക് മാർക്കറ്റിന്റെ ഒരു വശത്തുകൂടി റോഡ് അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.എന്നാൽ പഞ്ചായത്തിന്റെ വക സ്ഥലം വിട്ടു നൽകുമ്പോൾ കാട്ടാക്കട മാർക്കറ്റിൽ പ്രവർത്തിക്കുന്ന റവന്യൂ വകുപ്പിന്റെ വീരണകാവ് വില്ലേജ് ഓഫീസിന്റെ സ്ഥലം പഞ്ചായത്തിന് വിട്ടുകൊടുക്കണമെന്ന നിർദ്ദേശമാണ് പഞ്ചായത്ത് മുന്നോട്ടു വയ്ക്കുന്നത്.പകരം വില്ലേജ് ഓഫീസ് മിനി സിവിൽ സ്റ്റേഷനിലേയ്ക്ക് മാറ്റണമെന്നും പഞ്ചായത്ത് ഭരണ സമിതി ആവശ്യപ്പെടുന്നു.റവന്യൂ വകുപ്പ് ഇതിന് സന്നദ്ധമായാൽ പബ്ലിക് മാർക്കറ്റിന് മുന്നിലൂടെ പ്രവേശിക്കാനും പെരുംകുളം ക്ഷേത്ര റോഡ് വഴി പുറത്തേയ്ക്കിറങ്ങാനും തക്ക വിധത്തിൽ ഗതാഗതം ക്രമീകരിക്കാൻ കഴിയും.
.സിവിൽ സ്റ്റേഷൻ തുറക്കുന്നതോടെ കാട്ടാക്കട താലൂക്കിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ ഓഫീസുകളും ഒരു കുടക്കീഴിലാകും..
# തീരുമാനം ശരിയോ തെറ്റോ
മിനി സിവിൽ സ്റ്റേഷന് റോഡ് മാർക്കറ്റിനുള്ളിൽ കൂടി നൽകണമെന്ന് അറിയാവുന്ന പൂവച്ചൽ ഗ്രാമ പഞ്ചായത്ത് അടുത്തകാലത്ത് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റോഡ് പോകേണ്ട സ്ഥലത്ത് ദീർഘ വീക്ഷണമില്ലാതെ പബ്ലിക്ക് മാർക്കറ്റിൽ വിശ്രമ കേന്ദ്രം നിർമ്മിച്ചു.എന്നാൽ നിർമ്മാണം പൂർത്തിയാക്കി മാസങ്ങൾ പിന്നിട്ടിട്ടും ഇതേവരെ തുറന്നു നൽകാൻ പഞ്ചായത്ത് തയ്യാറായിട്ടില്ല.എന്നാൽ മാർക്കറ്റിനുള്ളിലൂടെ റോഡ് യാഥാർത്ഥ്യമാക്കിയാൽ ഇപ്പോൾ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച വിശ്രമ കേന്ദ്രം പൊളിച്ചു മാറ്റേണ്ടി വരും.
###മിനി സിവിൽ സ്റ്റേഷനിലേയ്ക്ക് മാറുന്ന ഓഫീസുകൾ
#താലൂക്ക് ഓഫീസ്
#താലൂക്ക് സപ്ലൈ ഓഫീസ്
#എംപ്ലോയിമെന്റ് എക്സ്ചേഞ്ച്
#സബ് രജിസ്ട്രാർ ഫീസ്
#എ.ഇ.ഒ ഓഫീസ്
#ലീഗൽ മെട്രോളജി
#ആർ.ടി ഓഫീസ്
മിനി സിസിൽ സ്റ്റേഷൻ
#17കോടി രൂപ ചെലവ്
# 6 നിലകൾ
# 53,025 സ്ക്വയർ ഫീറ്റ് ഏരിയ
അടുത്തമാസം രണ്ടാമത്തെ ആഴ്ചയിൽ എല്ലാ പണികളും പൂർത്തിയാക്കാൻ കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.മാർക്കറ്റിനുള്ളിലൂടെയുള്ള വഴിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ തഹസിൽദാരുടെ നേതൃത്വത്തിൽ സർവ കക്ഷിയോഗം ചേരും.
കെ.എസ്.ശബരീനാഥൻ.എം.എൽ.എ.