ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയെക്കുറിച്ച് പ്രക്ഷോഭത്തിന്റെയും അടിപിടിയുടെയും വാർത്തകളാണ് മാദ്ധ്യമങ്ങളിൽ നിറയെ. ഇതിനിടയിൽ ആ യൂണിവേഴ്സിറ്റി അക്കാഡമിക് രംഗത്ത് നിലനിറുത്തുന്ന മികവ് കാണാതെ പോകരുത്. വർഷങ്ങളായി ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ജെ.എൻ.യു. വാർഷിക റാങ്കിംഗിൽ അടുത്തിടെയും ആ സ്ഥാനത്തിന് കോട്ടം തട്ടിയിട്ടില്ല. അവിടെ പഠിക്കുന്നവർക്ക് അവരുടേതായ രാഷ്ട്രീയ നിലപാടുകൾ കാണും. പ്രതിഷേധങ്ങൾക്ക് ചെറുപ്പത്തിന്റെ കർമ്മവീര്യം കൂടുതലായിരിക്കും. പക്ഷേ പഠിക്കാനല്ല അവിടത്തെ കുട്ടികൾ വരുന്നതെന്ന് ആർക്കും പറയാനാകില്ല. കാരണം പഠിത്തത്തിന്റെ മൂർച്ച അവർക്ക് എന്നും കൂടുതലായിരുന്നു. അവിടെ പഠിക്കാനല്ല കുട്ടികൾ വരുന്നതെന്ന രീതിയിൽ ചിലർ കുട്ടികളെ വിമർശനങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും ആക്ഷേപിക്കുകയും ചെയ്തിരുന്നു. എന്നാൽ അതല്ല വസ്തുത.
കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (എൻ.ഐ.ആർ.എഫ്) നടത്തുന്ന തിരഞ്ഞെടുപ്പിനാണ് ഇന്ത്യയിൽ ഏറ്റവും മൂല്യമുള്ളത്. മികവിന്റെ അടിസ്ഥാനത്തിൽ 2019 -ൽ ഇവർ തിരഞ്ഞെടുത്ത 10 അക്കാഡമിക് സ്ഥാപനങ്ങളിൽ ഏഴാം സ്ഥാനത്താണ് ജെ.എൻ.യു. മദ്രാസ് ഐ.ഐ.ടിയാണ് ഒന്നാംസ്ഥാനത്ത്. ഇൗ മികവ് നേടിയ ഒരേയൊരു കേന്ദ്ര യൂണിവേഴ്സിറ്റി ജെ.എൻ.യു മാത്രമാണ്. എൻ.ഐ.ആർ.എഫ് അക്കാഡമിക് മികവിന്റെ പേരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് റാങ്കിംഗ് ഏർപ്പെടുത്തിയത് 2015 മുതലാണ്. അദ്ധ്യയന മികവ്, ഗവേക്ഷണം, അദ്ധ്യാപക വിദ്യാർത്ഥി അനുപാതം, ലഭ്യമായ പേന്റന്റുകൾ, ഡോക്ടറേറ്റുകളുടെ എണ്ണം, മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണം തുടങ്ങിയ നിരവധി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്. പല പ്രക്ഷോഭങ്ങൾക്കും ശേഷം ജെ.എൻ.യുവിന്റെ അക്കാഡമിക് മികവ് വർദ്ധിച്ചതായിട്ടാണ് കണ്ടുവരുന്നത്. 2017 ൽ പ്രസിഡന്റിന്റെ വിസിറ്റേഴ്സ് അവാർഡ് നേടിയതും ജെ.എൻ.യു തന്നെ.
എൻ.ഐ.ആർ.എഫ് റാങ്കിംഗ് - 2019
1 IIT-മദ്രാസ് 83.88
2. IISC-ബംഗളരു 82.88
IIT -ഡൽഹി 78.69
IIT-ബോംബെ 78.62
IIT -ഖരഗ്പൂർ 74.3
IIT -കാൺപൂർ 69.07
JNU - ഡൽഹി 68.68
IIT - റൂർക്കി 65.47
BHU - 64.55.