കുഴിത്തുറ:സ്വാമി വിവേകാനന്ദന്റെ 157ാമത് ജന്മദിനത്തോടനുബന്ധിച്ച് കന്യാകുമാരിയിൽ കൈയും കാലും കെട്ടി കടലിൽ 800 മീറ്റർ ദൂരം അര മണിക്കൂറിനുള്ളിൽ നീന്തിക്കയറി മലയാളി.കൊല്ലം കരുനാഗപ്പള്ളി സ്വദേശി രതീഷ് കുമാർ (31)ആണ് കടലിൽ നീന്തിയത്. രതീഷ് കുമാർ കേരള ടൂറിസം ഡിപ്പാർട്ട്മെന്റിൽ ലൈഫ് ഗാർഡ് ആയി പ്രവർത്തിക്കുകയാണ്. ബോട്ടിൽ കയറി കുറച്ച് ദൂരം പോയ ശേഷം കൈയും കാലും കെട്ടിയ ശേഷം കടലിൽ ചാടിയ രതീഷ് കുമാർ അരമണിക്കൂറിനുള്ളിൽ 800 മീറ്റർ നീന്തി വിവേകാനന്ദ മണ്ഡപത്തിൽ കയറുകയായിരുന്നു. രതീഷ് കുമാറിന്റെ സുരക്ഷയ്ക്കായി ഏക് നാഥ് എന്ന ബോട്ടിൽ കോസ്റ്റൽ ഗാർഡ് പൊലീസ് ഇൻസ്പെക്ടർ നവീൻ, എസ്.ഐ നാഗരാജൻ,സുടലമണി ഉൾപ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ പിന്തുടർന്നു. കന്യാകുമാരിയിൽ നടന്ന ചടങ്ങിൽ അയ്യപ്പ സേവ സമാജം ജില്ലാ പ്രസിഡന്റ് കുമാര സ്വാമി പ്ലാഗ് ഓഫ് ചെയ്തു. ഇത് കാണാൻ ആയിരക്കണക്കിന് ജനങ്ങൾ തടിച്ച് കൂടിയിരുന്നു.
|