frencic

കിളിമാനൂർ: മദ്യലഹരിയിൽ കരാർ തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. എറണാകുളം കളമശേരി പാതാളത്തിൽ താമസിക്കുന്ന തമിഴ്‌നാട് ദിണ്ടിഗൽ സ്വദേശി ചെല്ലമണിയാണ് (40) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വയനാട് സ്വദേശി നിധീഷിനെ (28) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന എറണാകുളത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മുരുകൻ, കൃഷ്ണൻ, ശിവപാലൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവ സ്ഥലത്ത് അഞ്ചുപേരാണുണ്ടായിരുന്നത്.

കരാർ തൊഴിലാളികളായ അഞ്ചംഗ സംഘം കിളിമാനൂർ ഗ്രാമപഞ്ചായത്തിന്റെ കോമ്പൗണ്ടിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പൈലിംഗിനെത്തിയതാണ്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ദിണ്ടികൽ സ്വദേശികളായ ഇവർ ദിവസങ്ങൾക്ക് മുമ്പാണ് കിളിമാനൂരിലെത്തിയത്. രാത്രിയും ജോലിയുള്ളതിനാൽ പഞ്ചായത്ത് കെട്ടിടത്തിലാണ് ഇവർ തങ്ങിയിരുന്നത്. ഇവരിൽ ചിലർ ജോലി സമയത്ത് മദ്യപിക്കുന്നത് പതിവായിരുന്നു. ഇത് കരാറുകാരൻ വിലക്കി. എന്നാൽ വീണ്ടും ചിലർ മദ്യപിച്ചതിന്റെ ദൃശ്യങ്ങൾ കൂട്ടത്തിലുള്ള ഒരാൾ കാമറയിൽ പകർത്തി കരാറുകാരന് കൊടുത്തു. ഇവർ കഴിഞ്ഞദിവസം രാത്രി ഇതിനെച്ചൊല്ലി മദ്യപിക്കുന്നതിനിടയിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

തലയ്‌ക്ക് പരിക്കേറ്റ നിധീഷ് പഞ്ചായത്ത് ഓഫീസിന് മുന്നിലെ റോഡിൽ അവശനിലയിൽ കിടക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് തലയ്‌ക്കടിയേറ്റ് പഞ്ചായത്ത് കെട്ടിടത്തിന്റെ എൻജിനിയറിംഗ് വിഭാഗത്തിന് സമീപം രക്തത്തിൽ കുളിച്ച കിടന്ന ചെല്ലമണിയുടെ മൃതദേഹം കണ്ടത്. പൊലീസാണ് നിധീഷിനെ മെഡിക്കൽ കോളേജിലെത്തിച്ചത്.

സംഭവ ശേഷം നാടുവിടാനൊരുങ്ങിയ മുരുകൻ, കൃഷ്ണൻ എന്നിവരെ കിളിമാനൂർ ജംഗ്ഷനിൽ നിന്നും, ശിവപാലനെ കരാറുകാരന്റെ അടുത്തുനിന്നുമാണ് പിടികൂടിയത്. സി.ഐ കെ.ബി. മനോജ് കുമാർ, എസ്.ഐ എസ്. അഷ്റഫ് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.