ചിറയിൻകീഴ്: ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ കോട്ടപ്പുറം എട്ടാം വാർഡിൽ അംഗൻവാടി മന്ദിരത്തിനായി 30 ലക്ഷം രൂപ അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കർ വി. ശശി അറിയിച്ചു. കോട്ടപ്പുറം വാർഡിലെ കുടുംബശ്രീ എ.‌ഡി.എസിന്റെ 21-ാം വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. പഞ്ചായത്ത് വാങ്ങിയ അഞ്ച് സെന്റ് സ്ഥലത്താണ് അംഗൻവാടി നിർമ്മിക്കുക. വർഷങ്ങളായി ഇവിടെ വാടക കെട്ടിടത്തിലാണ് അംഗൻവാടി പ്രവർത്തിക്കുന്നത്. യോഗത്തിൽ എ.ഡി.എസ് രക്ഷാധികാരി പി. മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന കുടുംബശ്രീ അംഗങ്ങളെയും വിശിഷ്ട വ്യക്തികളെയും ആദരിക്കൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസി‌ഡന്റ് ആർ. സുഭാഷ് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അ‌ഡ്വ. ഷൈലജ ബീഗം കിടപ്പ് രോഗികൾക്കുള്ള ധനസഹായ വിതരണവും ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഡീന കായിക പ്രതിഭകൾക്കുള്ള സമ്മാനദാനവും മാതൃക കാർഷകരെ ആദരിക്കൽ പഞ്ചായത്ത് വൈസ് പ്രസി‌ഡന്റ് എം.വി. കനകദാസും നിർവഹിച്ചു. ആർ. സരിത, എൻ. നസീഹ, എസ്. സിന്ധു, ജി. ചന്ദ്രശേഖരൻ നായർ, പി. മുരളി, എം. അബ്ദുൾ വാഹിദ്, അഡ്വ. യു. സലിംഷ, ജി. വ്യാസൻ, വി.എസ്. കണ്ണൻ, സി. മായാംബിക, കെ.ജെ. സുധീഷ് തുടങ്ങിയവർ പങ്കെടുത്തു. സി.‌‌ഡി.എസ് അംഗം ഹേമലത സ്വാഗതവും എ.‌‌ഡി.എസ് വൈസ് ചെയർപേഴ്സൺ കെ.സിന്ധു നന്ദിയും പറഞ്ഞു.