rera

തിരുവനന്തപുരം: റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ജനുവരി ഒന്നിനു നിലവിൽവന്ന റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിട്ടി (റെറ) വീണ്ടും വിവാദച്ചുഴിയിലായി. അതോറിട്ടി അംഗമായി നിയമിതയായ അഭിഭാഷക പ്രീത പി.മേനോൻ സെലക്ഷൻ കമ്മിറ്റിക്കുമുമ്പാകെ നൽകിയ അപേക്ഷയിലെ യോഗ്യതകൾ പലതും തെറ്റാണെന്നാണ് പുതിയ ആക്ഷേപം. സെലക്ഷൻ കമ്മിറ്റിയെ പ്രീത മേനോൻ തെറ്റിധരിപ്പിച്ചെന്നു വ്യക്തമാക്കുന്ന വിവരാവകാശ രേഖകൾ പുറത്തുവന്നതോടെയാണ് വിവാദം ശക്തമായത്. കേന്ദ്ര നിയമത്തിൽ പറയുന്ന രണ്ട് അംഗങ്ങളില്ലാതെയാണ് സംസ്ഥാനത്ത് അതോറിട്ടി രൂപീകരിച്ചതെന്ന ആക്ഷേപത്തിനു പിന്നാലെയാണ് നിയമിച്ച ഏക അംഗത്തിന്റെ യോഗ്യത സംബന്ധിച്ചും സംശയം ഉയർന്നത്.

2007നവംബർ മുതൽ 2012 ഒക്ടോബർ വരെ സുപ്രീം കോടതിയിൽ സ്വതന്ത്രമായി പ്രാക്ടീസ് നടത്തിയതായും ഇതേ കാലയളവിൽ ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ കൺസൾട്ടന്റായി പ്രവർത്തിച്ചതായും അപേക്ഷയിൽ പറയുന്നുണ്ട്. സുപ്രീം കോടതിയിൽ സ്വതന്ത്രമായി പ്രാക്ടീസ് നടത്തണമെങ്കിൽ അഡ്വക്കേറ്റ്സ് ഓൺ റെക്കാഡ് പരീക്ഷ പാസാകണം. വിവരാവകാശ നിയമപ്രകാരം സുപ്രീംകോടതിയിൽ നിന്നു ലഭിച്ച രേഖകൾ പ്രകാരം ഈ കാലയളവിൽ പ്രീത ഇത്തരമൊരു പരീക്ഷ പാസായിട്ടില്ല. പരീക്ഷ പാസാകാത്തവർക്ക് പരീക്ഷ പാസായ മറ്റൊരു അഭിഭാഷനൊപ്പം സ്ഥിരമായി കോടതിയിൽ കേസുകൾ കൈകാര്യം ചെയ്യാം. അങ്ങനെയെങ്കിൽ സുപ്രീംകോടതിയിൽ നിന്ന് പ്രോക്‌സിമിറ്റി കാർഡ് വാങ്ങിയിരിക്കണം. ഈ കാർഡും അനുവദിച്ചിട്ടില്ല. ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ അഞ്ചു വർഷം സേവനമനുഷ്ഠിച്ചതായാണ് അപേക്ഷയിലുള്ളത്. എന്നാൽ,​ 2009 ആഗസ്റ്റ് മുതൽ 2011ജൂൺ വരെ രണ്ട് വർഷം മാത്രമാണ് പ്രീത കൺസൾട്ടന്റായി പ്രവർത്തിച്ചതെന്ന് രേഖകൾ വ്യക്തമാക്കുന്നു.

15 വർഷത്തെ പ്രവൃത്തി പരിചയം

റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ്, അടിസ്ഥാനസൗകര്യ വികസനം, സാമ്പത്തികശാസ്ത്രം, ഹൗസിംഗ്, നഗരവികസനം, പ്ലാനിംഗ്, നിയമം, കോമേഴ്സ്, അക്കൗണ്ടൻസി, ഇൻഡസ്ട്രി, മാനേജ്മെന്റ്, സാമൂഹ്യ സേവനം, പബ്ലിക് അഫയേഴ്സ്, അഡ്മിനിസ്ട്രേഷൻ തുടങ്ങിയ മേഖലകളിൽ 15വർഷത്തെ പ്രവൃത്തി പരിചയമുള്ള വിദഗ്ദ്ധരെ അംഗങ്ങളായി നിയമിക്കണമെന്നാണ് കേന്ദ്ര റിയൽ എസ്റ്റേറ്റ് റഗുലേറ്ററി ആക്ട് സെക്ഷൻ 22ൽ പറയുന്നത്. സർക്കാർ സർവീസിൽ സേവനമനുഷ്ഠിക്കുന്നവരോ വിരമിച്ചവരോ ആണെങ്കിൽ ഗവ. സെക്രട്ടറി റാങ്കിൽ കുറഞ്ഞ ഉദ്യോഗസ്ഥരാകാൻ പാടില്ല. റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ്, നിയമം എന്നീ മേഖലകളിലെ പ്രവൃത്തിപരിചയം ചൂണ്ടക്കാട്ടിയാണ് പ്രീത മേനോൻ അംഗമാകാൻ അപേക്ഷിച്ചതും നിയമനം ലഭിച്ചതും.

''തെറ്റായ വഴിയിലൂടെ നിയമനം നേടാൻ ശ്രമിച്ചിട്ടില്ല. കൃത്യമായ രേഖകൾ സമർപ്പിച്ച് വിജിലൻസ് ക്ലിയറൻസും പൊലീസ് പരിശോധനയും ഉൾപ്പെടെ പൂർത്തീകരിച്ചശേഷമാണ് നിയമനം ലഭിച്ചത്. അതോറിട്ടി പ്രവർത്തിക്കരുതെന്ന് ആഗ്രഹിക്കുന്നവരാണ് ആരോപണങ്ങൾക്കു പിന്നിൽ.

- പ്രീത പി.മേനോൻ, റെറ അംഗം.