crime

കഴക്കൂട്ടം: പുരയിടത്തിലേക്കുള്ള വഴിയെച്ചൊല്ലിയുള്ള തർക്കത്തിൽ മംഗലപുരത്ത് ഗുണ്ടാഅക്രമണം. മംഗലപുരം പള്ളിവിളാകം ഷംന മൻസിലിൽ നിസാമുദ്ദിന്റെ വീടിന്റെ ചു​റ്റുമതിൽ ഇവർ തകർത്തു. സഹോദരൻ സൈഫുദ്ദീന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് നിസാമുദ്ദീൻ മംഗലപുരം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 12ഓടെ സൈഫുദ്ദീനും ഗുണ്ടകളും ചേർന്ന് ചു​റ്റുമതിൽ ഇടിച്ച് തകർക്കുകയും തടയാൻ ശ്രമിച്ച നിസാമുദ്ദീന്റെ മകൾ ഷംനയെയും (13) ഭാര്യ സമീന ബീവിയുടെ മാതാവ് സൗദാബീവിയെയും (63) മർദ്ദിക്കുകയും അസഭ്യം പറയുകയുമായിരുന്നു. നിസാമുദ്ദീന്റെ വീടിന് പുറകുവശത്തായി സൈഫുദ്ദീന്റെ പുരയിടത്തിലേക്കുള്ള വഴിയുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഇതിനുശേഷം രാത്രി 8ഓടെ നിസാമുദ്ദീനെ തല്ലാനെത്തിയ പതിനഞ്ചോളം വരുന്ന ഗുണ്ടകൾ ആളുമാറി ബന്ധുക്കളായ മുനീർ (42),​ മുഹമ്മദ് ഷാഫി (27) എന്നിവരെ ക്രൂരമായി മർദ്ദിച്ചെന്നും പരാതിയുണ്ട്. തലയ്‌ക്കും കാലിനും ഗുരുതര പരിക്കേറ്റ ഇരുവരെയും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതി നൽകിയിട്ടും വൈകിയാണ് പൊലീസ് കേസെടുത്തതെന്നാണ് ആരോപണം. മതിൽ ഇടിക്കുന്നതിന്റെയും ഗുണ്ടകൾ മർദ്ദിക്കുന്നതിന്റെയും സി.സി ടിവി ദൃശ്യങ്ങൾ പുറത്തായതോടെയാണ് പൊലീസ് കേസെടുക്കാൻ തയ്യാറായതെന്ന് ഇവർ പറഞ്ഞു. മംഗലപുരം പഞ്ചായത്തിന്റെ അനുമതിയോടെയാണ് ഇവർ ചുറ്റുമതിൽ കെട്ടിയത്. രണ്ട് ദിവസം മുമ്പ് തന്റെ വീടെന്ന് തെ​റ്റിദ്ധരിച്ച് അയൽവാസിയായ സിദ്ദിഖിന്റെ വീടിന് നേരെ ആക്രമണമുണ്ടായതെന്നും നിസാമുദ്ദീൻ പറഞ്ഞു. സിദ്ദിഖ് മംഗലപുരം പൊലീസിൽ പരാതി നൽകി.