തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ മഹാപൗരത്വ സംഗമത്തിന്റെ മുന്നോടിയായി പാട്ടും വരയും നിറക്കൂട്ടുമായി സാംസ്‌കാരിക പ്രതിരോധ പരിപാടികൾക്ക് സെക്രട്ടേറിയറ്റിന് മുന്നിൽ തുടക്കമായി. മേയർ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്‌തു. വി ദ പീപ്പിൾ എന്ന പേരിൽ 16,17 തീയതികളിൽ സെൻട്രൽ സ്റ്റേഡിയത്തിലാണ് സംഗമം. പാട്ടുകൂട്ടമാണ് പന്തലിലെ പ്രധാന ഇനം. ജയചന്ദ്രൻ കടമ്പനാടിന്റെ നേതൃത്വത്തിലുള്ള നാടൻപാട്ട് സംഘമാണ് ആദ്യദിനം ആവേശമേകിയത്. ' വിധ്വംസനത്തിന്റെ ദൃശ്യസാക്ഷ്യങ്ങൾ ' എന്ന പേരിൽ എം.എൽ. ജോണിയുടെ ചിത്രപ്രദർശനവുമുണ്ട്. ഹിറ്റ്‌ലറുടെ രാഷ്ട്രീയ ഇടപെടലുകളും ഗീബൽസിന്റെ കുപ്രചാരണങ്ങളും വംശഹത്യയിലേക്ക് നയിച്ചതിന്റെ ചരിത്ര സാക്ഷ്യങ്ങളും പ്രദർശനത്തിലെ വിഷയമാണ്. തടങ്കൽ പാളയങ്ങൾ ലേബർ ക്യാമ്പുകളും പിന്നീട് കോൺസൺട്രേഷൻ ക്യാമ്പുകളുമായി മാറുന്ന ജർമ്മനിയുടെ അനുഭവങ്ങളും പ്രദർശനം വരച്ചുകാട്ടുന്നു. പ്രതിരോധത്തിന്റെ ദൃശ്യഭാഷ ഉയർത്തിപ്പിടിക്കുന്ന സിനിമകളുടെ പ്രദർശനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.