ആറ്റിങ്ങൽ: ആറ്റിങ്ങലിലെ ദേശീയപാത വികസനം മൺസൂണിന് മുൻപ് പൂർത്തിയാക്കാൻ തീരുമാനം. ഫെബ്രുവരി 5ന് ആരംഭിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ മൂന്ന് മാസം കൊണ്ട് പൂർത്തീകരിക്കും. ഇതിന്റെ ഭാഗമായുള്ള അനുബന്ധ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചു. ആറ്റിങ്ങൽ മൂന്നുമുക്ക് മുതൽ പൂവൻപാറവരെയുള്ള രണ്ടര കിലോമീറ്റർ നീളമുള്ള ദേശീയപാത വികസനത്തിന്റെ നടപടികൾ വിലയിരുത്താൻ നഗരസഭാ ചെയർമാൻ വിളിച്ചു ചേർത്ത യോഗത്തിലാണ് മൺസൂൺ തുടങ്ങും മുൻപ് നിർമ്മാണം പൂർണമായും പൂർത്തിയാക്കാൻ തീരുമാനിച്ചത്.
ഒരു കിലോമീറ്റർ ഭാഗത്തെ നിർമ്മാണങ്ങൾക്ക് ഏകദേശം ഒരു മാസം വേണ്ടി വരും. ഇത്തരത്തിൽ പൂവമ്പാറ മുതൽ മൂന്ന് മുക്ക് വരെ രണ്ടര കിലോമീറ്റർ മേഖലയിലെ നിർമ്മാണം പൂർത്തീകരിക്കാൻ മൂന്ന് മാസം വേണ്ടി വരും. ഫെബ്രുവരി 5ന് നിർമ്മാണം ആരംഭിച്ച് മേയിൽ പൂർത്തീകരിക്കും. വലിയതോതിലുള്ള പ്രതികൂല കാലാവസ്ഥയോ ഇതര പ്രതിസന്ധികളോ ഉണ്ടായില്ലെങ്കിൽ മേയ് ആദ്യ വാരം തന്നെ നിർമ്മാണം പൂർണമായും പൂർത്തീകരിക്കാനാകുമെന്ന് യോഗം വിലയിരുത്തി.
ഇരുവശങ്ങളിലും ഡ്രെയിനേജ് സംവിധാനവും മദ്ധ്യഭാഗത്ത് ഡിവൈഡറോടും കൂടി പതിനാറ് മീറ്റർ വീതിയിലാണ് റോഡ് പുനർനിർമ്മിക്കുന്നത്. റോഡിന്റെ ഇരു വശങ്ങളിലും സ്ഥാപിക്കുന്ന ഡ്രെയിനേജ് സംവിധാനവും സ്ലാബുകളുടെയും നിർമ്മാണ പ്രവർത്തനങ്ങളും ഇതിനകം ആരംഭിച്ച് കഴിഞ്ഞു. കരാറുകാരായ റിവയ്‌വ് കമ്പനിയുടെ കിളിമാനൂരിലുള്ള യാർഡിലാണ് സ്ലാബുകളുടെയും ഡിവൈഡറുകളുടെയും നിർമ്മാണം പുരോഗമിക്കുന്നത്. നടപടികൾ വിലയിരുത്തുന്നതിന് ചേർന്ന യോഗത്തിൽ ബി.സത്യൻ എം.എൽ.എ, ചെയർമാൻ എം.പ്രദീപ്, നാഷണൽ ഹൈവേ ഉദ്യോഗസ്ഥർ, റിവയ്‌വ് കമ്പനി ഉടമ തുടങ്ങിയവർ പങ്കെടുത്തു.
ഡിവൈഡർ ഉൾപ്പെടെയുള്ള ഭൂരിഭാഗം നിർമ്മിതികളും മുൻകൂട്ടി നിർമ്മിച്ച് സ്ഥലത്തെത്തിച്ച് സ്ഥാപിക്കുന്ന രീതിയാണ് അവലംബിക്കുന്നത്. അതിനാൽ റോഡിന്റെ നിർമ്മാണം ആരംഭിച്ചാൽ ത്വരിതഗതിയിൽ പൂർത്തീകരിക്കാനാകും.
-എം.പ്രദീപ്, നഗരസഭ ചെയർമാൻ
റോഡ് നിർമ്മാണം
ഇരുവശങ്ങളിലും ഡ്രെയിനേജ് സംവിധാനവും മദ്ധ്യഭാഗത്ത് ഡിവൈഡറും
ഇവയുടെ നിർമ്മാണം കരാറു കമ്പനിയുടെ കിളിമാനൂരിലുള്ള യാർഡിൽ ആരംഭിച്ചു
പതിനാറ് മീറ്റർ വീതിയിലാണ് റോഡ് പുനർനിർമ്മിക്കുന്നത്
ഭൂരിഭാഗം നിർമ്മിതികളും സ്ഥലത്തെത്തിച്ച് സ്ഥാപിക്കുന്ന രീതിയാണ് അവലംബിക്കുന്നത്
ചെലവ് - 24 കോടി
നിർമ്മാണം ആരംഭിക്കുന്നത്- ഫെബ്രുവരി 5ന്
നിർമ്മാണ കാലാവധി -3 മാസം
ദൂരം -2.5 കി.മീ