jan13c

ആ​റ്റിങ്ങൽ: നാട്ടുകാരുടെ വർഷങ്ങളായുള്ള ആഗ്രഹമായിരുന്ന വെട്ടിക്കൽ പാലം നിർമ്മാണം പൂർത്തിയായി. ഇനി അനുബന്ധ റോഡിന്റെ നിർമ്മാണ പ്രവർത്തനമാണ് നടക്കേണ്ടത്. ഇത് ഉടൻ ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. അനുബന്ധ റോഡ് കൂടി പൂർത്തിയാകുന്നതോടെ ഈ പ്രദേശത്തിന്റെ യാത്രാ ക്ലേശത്തിന് പരിഹാരമാകും.

മാമം തോടിനുകുറുകേ വെട്ടിക്കലിൽ ഉണ്ടായിരുന്ന നടപ്പാലം പൊളിച്ചുനീക്കി ഗതാഗതയോഗ്യമായ പാലമാണ് നിർമ്മിച്ചത്. മുദാക്കൽ പഞ്ചായത്തിലെ ഗതാഗതവികസനത്തിന് പുതിയ ഊർജ്ജം പകരുന്നതാണ് പദ്ധതി. ഡെപ്യൂട്ടി സ്പീക്കർ വി.ശശിയുടെ ഇടപെടലുകളെത്തുടർന്ന് നബാർഡ് അനുവദിച്ച അഞ്ചുകോടി കൊണ്ടാണ് പാലവും റോഡും നിർമ്മിക്കുന്നത്.

2019 മാർച്ച് ഒന്നാംതീയതിയാണ് നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങിയത്. മഴക്കാലമെത്തും മുൻപേ തൂണുകൾ നിർമ്മിച്ചുകയറാനായിരുന്നു തീരുമാനം. ഇത് സമയബന്ധിതമായി നടപ്പാക്കിയതാണ് പത്ത് മാസത്തിനുള്ളിൽ പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കുവാൻ സഹായിച്ചത്.

പാലവും റോഡും പൂർത്തിയാകുന്നതോടെ ദേശീയപാതയിൽ നിന്ന് സംസ്ഥാനപാതയിലേയ്‌ക്കെത്താനുള്ള പുതിയൊരു വഴികൂടി തുറക്കും. മാത്രമല്ല ഇടയ്‌ക്കോട് മേഖലയിലുള്ളവർക്ക് ദേശീയപാതയിലേയ്ക്കും ആ​റ്റിങ്ങലേയ്ക്കുമെത്താൻ എളുപ്പവഴിയാകും. തോന്നയ്ക്കൽ സായിഗ്രാമത്തിലേയ്ക്കുള്ള എളുപ്പവഴിയായും ഈ റോഡ് മാറും. പൂർത്തിയായ പാലത്തിലൂടെ നിലവിൽ ഇരുചക്ര വാഹനങ്ങൾ ഓടി തുടങ്ങി.