തിരുവനന്തപുരം: ശാസ്‌തമംഗലം വാഹനാപകടത്തിൽ മരിച്ച ആദിത്യയുടെ ബൈക്കിന്റെ മഡ്ഗാഡിൽ കണ്ടെത്തിയ രക്തസാമ്പിളിന്റെ ശാസ്ത്രിയപരിശോധനാ ഫലം ഉടൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുമെന്ന് മ്യൂസിയം പൊലീസ്. രക്തസാമ്പിൾ ആരുടേതെന്ന് തെളിഞ്ഞാൽ അപകടത്തെപ്പറ്റി കൂടുതൽ വിവരം ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. അപകടസമയത്ത് റോഡിലുണ്ടായിരുന്ന സെൻ എസ്റ്റിലോ കാറിനെപ്പറ്റി അന്വേഷണം തുടരുകയാണ്. അപകടത്തിനുശേഷം കാർ നേരെ പോയത് ജവഹർ നഗറിലേക്കാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഈ ഭാഗത്തെ സി.സി ടിവി കാമറകൾ ഇതുവരെ പരിശോധിച്ചിട്ടില്ല. കാറോടിച്ചെന്ന് സംശയിക്കുന്നയാൾ പൊലീസ് നിരീക്ഷണത്തിലാണ്. സി സി ടി.വി ദൃശ്യവുമായി സാമ്യമുള്ളയാളാണ് നിരീക്ഷണത്തിലുള്ളത്. ഇയാളുടെ മൊബൈൽ നമ്പർ ശേഖരിച്ച് സംഭവദിവസത്തെ ടവർ ലൊക്കേഷൻ പരിശോധിക്കാൻ പൊലീസ് സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. സാന്നിദ്ധ്യം സ്ഥിരീകരിച്ചാൽ മാത്രമേ ഇയാളെ കസ്റ്റഡിയിലെടുക്കൂ. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് തയ്യാറാക്കിയ ഇയാളുടെ രേഖാചിത്രം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇത് പുറത്തുവിടണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.