തിരുവനന്തപുരം: ശംഖുംമുഖം ബീച്ചിൽ സംസാരിച്ചിരുന്ന പൊതുപ്രവർത്തക ശ്രീലക്ഷ്‌മി അറയ്‌ക്കലിനെയും സുഹൃത്തുക്കളെയും കൈയേറ്റം ചെയ്‌തെന്ന പരാതിയിൽ അഞ്ചുപേരെ വലിയതുറ പൊലീസ് അറസ്റ്റുചെയ്‌തു. വള്ളക്കടവ് പുതുവൽ പുരയിടത്തിൽ നഹാസ് (24), കുരിശുംമൂട് വിളയിൽ മുഹമ്മദ് അലി (26), പുതുവൽ പുരയിടത്തിൽ ശുഹൈബ് (26), പൂന്തൂറ മാണിക്യവിളാകത്തിൽ അൻസാരി (26), കണ്ണാന്തുറ സ്വദേശി ആന്റണി (40) എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയതായി പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി 11.45ഓടെ ബീച്ചിൽ സംസാരിച്ചിരിക്കുകയായിരുന്ന ശ്രീലക്ഷ്‌മിയോടും സുഹൃത്തുക്കളോടും ഇവർ മോശമായി പെരുമാറിയെന്നായിരുന്നു പരാതി. വലിയതുറ സ്റ്റേഷനിലെത്തിയ ശ്രീലക്ഷ്‌മിക്ക് സ്റ്റേഷനിലും മോശം അനുഭവം നേരിട്ടതായി ആക്ഷേപമുണ്ടായിരുന്നു. മാദ്ധ്യമ വാർത്തകളെ തുടർന്ന് സ്വമേധയാ കേസെടുത്ത വനിതാകമ്മിഷൻ വലിയതുറ പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. പൊതുസ്ഥലങ്ങളിലെ സ്ത്രീകളുടെ ഇടം സംബന്ധിച്ച തർക്കം ഇപ്പോഴും സജീവമാണെന്ന് ശംഖുംമുഖത്തെ സദാചാര ഗുണ്ടാ ആക്രമണം തെളിയിക്കുന്നതായി അദ്ധ്യക്ഷ എം.സി. ജോസഫൈൻ പറഞ്ഞു. പരാതി നൽകിയ ശ്രീലക്ഷ്‌മിയെ അഭിനന്ദിച്ച് വനിതാ - ശിശുക്ഷേമ വകുപ്പ് സെക്രട്ടറി ബിജുപ്രഭാകറും രംഗത്തെത്തി. രാത്രിയിൽ സ്ത്രീകൾ ഇറങ്ങി നടക്കുമ്പോൾ കൈയിൽ ഒരു പെപ്പർ സ്‌പ്രേയും വിസിലും കരുതണമെന്നും അദ്ദേഹം പറഞ്ഞു.