കല്ലമ്പലം: ഹിന്ദി ദിനത്തിൽ തുമ്പോട് സി.എൻ.പി.എസ് യു.പി.എസിൽ വച്ച് നടന്ന ചടങ്ങിൽ ഉപജില്ലാ ഹിന്ദി കലോത്സവത്തിന് സമ്മാനങ്ങൾ വിതരണം ചെയ്തു. യു.പി വിഭാഗം ഓവറോൾ ഗവ.എച്ച്.എസ്.എസ് തട്ടത്തുമലയും, ഹൈസ്കൂൾ വിഭാഗം ഓവറോൾ ഗവ.എച്ച്.എസ്.എസ് പള്ളിക്കലും, ഹയർസെക്കൻഡറി വിഭാഗം ഓവറോൾ ഗവ.എച്ച്.എസ്.എസ് നാവായിക്കുളവും നേടി. ലോകത്തെ 250 ദശലക്ഷത്തിലധികം ആളുകൾ സംസാരിക്കുന്ന ഭാഷയാണ് ഹിന്ദി. കുട്ടികൾക്ക് ഹിന്ദി കാണുന്നതിനും, കേൾക്കുന്നതിനും, സംസാരിക്കുന്നതും അവസരമൊരുക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കാൻ ഹിന്ദി ഉത്സവത്തിലൂടെ കഴിഞ്ഞുവെന്നും ഹിന്ദി ദിന സന്ദേശത്തിൽ ബി.പി.ഒ എം.എസ്. സുരേഷ് ബാബു പറഞ്ഞു. അദ്ധ്യാപകരായ എൻ.ജി. സാജൻ, എൻ. രാജേന്ദ്രക്കുറുപ്പ്, നരേന്ദ്രനാഥ്, എസ്. മഞ്ചു, കുമാരി ഉഷ എന്നിവർ സംസാരിച്ചു. ഹിന്ദി അദ്ധ്യാപകൻ വി.ഡി. രാജീവ് നന്ദി പറഞ്ഞു.