മലയിൻകീഴ് : മാറനല്ലൂർ പഞ്ചായത്തിലെ മേലേരിയോട് പണിത അങ്കണവാടിയുടെ ഉദ്‌ഘാടനത്തിന് ഐ.ബി. സതീഷ്.എം.എൽ.എയെ ഒഴിവാക്കി അടൂർ പ്രകാശ് എം.പിയെ ഉദ്‌ഘാടകനാക്കിയതിൽ പ്രതിഷേധം.
ഇടതുമുന്നണി പ്രവർത്തകർ പ്രതിഷേധവുമായി ഉദ്‌ഘാടന വേദിയിലേക്ക് ഇരച്ചുകയറി മൈക്കിലൂടെ പ്രതിഷേധം രേഖപ്പെടുത്തി. കോൺഗ്രസ് വാർഡ് അംഗം എം.എൽ.എയെ ക്ഷണിക്കാതെയാണ് എം.പിയെ ഉദ്ഘാടകനാക്കിയത്. മാറനല്ലൂർ പഞ്ചായത്ത് കമ്മിറ്റിയിൽ ഉദ്‌ഘാടനത്തിന് പങ്കെടുക്കേണ്ടവരെ സംബന്ധിച്ച് തീരുമാനിച്ചിരുന്നില്ലെന്ന് യോഗത്തിന്റെ അദ്ധ്യക്ഷയായ മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. രമ പറഞ്ഞു. സംസ്ഥാന ഗവൺമെന്റ് ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പരിപാടികളിൽ എം.എൽ.എ അദ്ധ്യക്ഷനോ ഉദ്‌ഘാടകനോ ആക്കേണ്ടതാണെന്ന് ഇടതുമുന്നണി പ്രവർത്തകർ പറയുന്നു. പ്രോട്ടോകോൾ ലംഘനം നടന്നിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് സമ്മതിച്ചതോടെ വാർഡ് അംഗം നാക്കോട് അരുണിനെ സ്വാഗതം പറയാൻ ഇടതുമുന്നണി പ്രവർത്തകർ അനുവദിച്ചില്ല. ഉദ്‌ഘാടന പ്രസംഗത്തിൽ അടൂർ പ്രകാശ് എം.പി പ്രകോപനം സൃഷ്ടിച്ചതായി ആരോപിച്ച് ഇടത് മുന്നണി പ്രവർത്തകർ വീണ്ടുമെത്തി മുദ്രാവാക്യം മുഴക്കി. ഇതിനിടെ യോഗനടപടികൾ പൂർത്തിയാക്കി എം.പിമടങ്ങി.