തിരുവനന്തപുരം: അറ്റകുറ്റപ്പണികളുടെ ഭാഗമായി നിറുത്തിവച്ചിരുന്ന ജലവിതരണം പുനഃസ്ഥാപിച്ചതോടെ നഗരത്തിൽ എല്ലായിടത്തും വെള്ളമെത്തിത്തുടങ്ങി. ഞായറാഴ്ച വൈകിട്ടോടെ വെള്ളമെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഉയർന്ന പ്രദേശങ്ങളിൽ പലയിടത്തും വെള്ളമെത്തിയത് ഇന്നലെയാണ്. പമ്പിംഗ് തുടങ്ങിയെങ്കിലും ലൈനുകളിലെ മർദ്ദം പൂർണമായും ക്രമീകരിക്കപ്പെടാതിരുന്നതാണ് തടസമായതെന്നാണ് വിലയിരുത്തൽ. ശനിയാഴ്ച വൈകിട്ട് തന്നെ അരുവിക്കരയിൽ നിന്ന് പൂർണതോതിൽ പമ്പിംഗ് ആരംഭിച്ചിരുന്നു. മൂന്നാംഘട്ടത്തിൽ അസംസ്‌കൃത ജല, ശുദ്ധജല പമ്പ് ഹൗസുകളിലെ പഴയ പമ്പ് സെറ്റുകൾ മാറ്റലും അനുബന്ധ ഇലക്ട്രിക്കൽ ജോലികളുമാണ് നടന്നത്. നവീകരണത്തിന്റെ അവസാനഘട്ടം ഫെബ്രുവരി ഒന്നിന് നടക്കും. ഇതിനായി 86 എം.എൽ.ഡി ശുദ്ധീകരണ ശാലകളുടെ പ്രവർത്തനം 16 മണിക്കൂർ നിറുത്തിവയ്ക്കും. അരുവിക്കരയിൽ വാട്ടർ അതോറിട്ടിക്ക് നിലവിൽ 86 എം.എൽ.ഡി, 72 എം.എൽ.ഡി, 74 എം.എൽ.ഡി വീതം ശേഷിയുള്ള മൂന്നു ജലശുദ്ധീകരണ ശാലകളാണുളളത്. നിർമ്മാണത്തിന്റെ അവസാനഘട്ടത്തിലുള്ള പുതിയ 75 എം.എൽ.ഡി ജലശുദ്ധീകരണശാല മാർച്ചിൽ കമ്മിഷൻ ചെയ്യും.