dhinesh

തൃശൂർ: നാടക - സിനിമാ നടൻ ദിനേശ് എം. മനയ്ക്കലാത്ത് (48) തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി മരിച്ചു. തൃശൂരിൽ നിന്ന് ഡബ്ബിംഗ് കഴിഞ്ഞ് പോകുമ്പോഴായിരുന്നു അപകടം. ചെന്നൈ സെൻട്രൽ - കൊല്ലം ജംഗ്ഷൻ സുവിധ എക്‌സ്പ്രസ് കടന്നു പോയപ്പോൾ പാളത്തിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.

ആക്ട്‌സ് സംഘടനാ പ്രവർത്തകർ ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പത്രപ്രവർത്തകൻ ആർ.എം മനയ്ക്കലാത്തിന്റെ സഹോദരൻ പരേതനായ അരവിന്ദാക്ഷ മേനോന്റെ മകനാണ് .മൂവാറ്റുപുഴ അടുപ്പറമ്പ് കൊടയ്ക്കാടത്ത് വീട്ടിൽ ദിനേശ്. പരേതയായ പത്മാവതിയാണ് അമ്മ. സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിൽ ഇത്തവണ സഹനടനുള്ള അവാർഡ് ദിനേശിനായിരുന്നു. സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അമച്വർ നാടകങ്ങളിലൂടെ രംഗത്തുവന്ന ദിനേശ്, പ്രൊഫഷണൽ നാടക രംഗത്ത് സജീവമായിരുന്നു. നാടകങ്ങളിലെ അഭിനയത്തിന് നിരവധി പുരസ്‌കാരം നേടിയിട്ടുണ്ട്. മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റായ ദിനേശ് നാടക ഗാനങ്ങളും ആനുകാലികങ്ങളിൽ കവിതകളുമെഴുതിയിട്ടുണ്ട്. ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു. മക്കൾ: ശ്രീജിത്ത്,​ മൃദുല.​