കിളിമാനൂർ: കിളിമാനൂർ ജംഗ്ഷനിൽ കെ. എസ് .ടി .പി റോഡ് നവീകരണത്തിന്റെ ഭാഗമായി കിളിമാനൂർ ജംഗ്ഷന് സമീപം സ്വകാര്യവ്യക്തി കൈയേറിയ റോഡ് പുറമ്പോക്ക് ബി. സത്യൻ എം. എൽ .എ യുടെ നേതൃത്വത്തിൽ ഒഴിപ്പിച്ചു. സംസ്ഥാന പാതയിൽ കിളിമാനൂർ വലിയപാലത്തിന് സമീപമാണ് റോഡ് പുറമ്പോക്ക് ഏകദേശം പത്ത് സെന്റ് ഭൂമി സ്വകാര്യവ്യക്തി കൈയേറി മതിൽകെട്ടി കൈവശം വെച്ച് അനുഭവിച്ച് വന്നത്. കഴക്കൂട്ടം - അടൂർ സുരക്ഷിത ഇടനാഴി പദ്ധതിയുടെ ഭാഗമായി കെ.എസ്. ടി .പി യുടെ നേതൃത്വത്തിൽ റോഡ് നിർമ്മാണം പുരോഗമിക്കുന്ന ഘട്ടത്തിലാണ് പുറമ്പോക്ക് കൈയ്യേറ്റം കൂടി കണ്ടെത്തി ഒഴിപ്പിക്കാൻ എം .എൽ .എയുടെ നേതൃത്വത്തിൽ തീരുമാനമെടുത്തത്. ഈ ഭാഗത്ത് പത്ത് സെന്റ് ഭൂമി കൂടി ലഭ്യമായതോടെ പാലത്തോട് ചേർന്ന് കാൽനടയാത്രികർക്ക് സുരക്ഷിതമായി യാത്രചെയ്യാൻ നടപ്പാത നിർമ്മിക്കാമെന്ന് എം .എൽ .എ അറിയിച്ചു. കെ .എസ്. ടി .പി എക്സി. എൻജിനിയർ ഗീത, ഡെപ്യൂട്ടി തഹസീൽദാർ ഗോപകുമാർ മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ എം.എൽഎയോടൊപ്പം ഉണ്ടായിരുന്നു. ജംഗ്ഷൻ നവീകരണം യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കുന്നതിന് നടപടി സ്വീകരിച്ചതായും എം.എൽ.എ അറിയിച്ചു.