ulghadanam-cheyyunnu

കല്ലമ്പലം: പൗരസമിതി കൂട്ടായ്മയിലൂടെ പള്ളിക്കലിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ച് വരുന്ന ആയുർവേദ ആശുപത്രിക്ക് സ്വന്തം ഭൂമിയായി. പള്ളിക്കൽ മൂതലയിലെ ഗ്രാമോദ്ധാരണ പൗരസമിതി കൂട്ടായ്മയുടെ കൂട്ടായ പ്രവർത്തനം മൂലമാണിത് സാദ്ധ്യമായത്. ആശുപത്രിക്ക് കെട്ടിടം പണിയാനുള്ള 21 സെന്റ്‌ ഭൂമിയാണ്‌ 12,14,111 രൂപയ്ക്ക് വാങ്ങിയത്. തുക മുഴുവനും കണ്ടെത്തിയത് പൗരസമിതിയും, അവർ രൂപീകരിച്ച വാട്ട്സാപ്പ് കൂട്ടായ്മയും. നാട്ടിലും വിദേശത്തും ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള സുഹൃത്തുക്കളുടെ നിർലോഭമായ സഹായവും, സഹകരണവും ഒരു നാടിന്റെ വികസനത്തിന്റെ നാഴികക്കല്ലായി. വർഷങ്ങളായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആശുപത്രിക്ക് സ്വന്തം കെട്ടിടമില്ലാത്തതിനാൽ ദുരിതത്തിലായിരുന്നു. തുടർന്ന് വില്ലേജ് ഓഫീസിനോട് ചേർന്ന് സ്വകാര്യ വ്യക്തി കുത്തകപാട്ടമായി കൈവശം വച്ചിരുന്ന 36 സെന്റ്‌ വില്ലേജിന് കൈമാറി. അതോടെ പുതിയ കെട്ടിടം നിർമ്മിക്കാൻ പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. എന്നാൽ റവന്യൂ ഭൂമി ഇതര വകുപ്പുകളുടെ നിർമാണത്തിന് അനുവദിക്കില്ലെന്ന നിയമം പിന്നീടാണ് ബന്ധപ്പെട്ടവർ അറിയുന്നത്. കെട്ടിടത്തിന് അനുവദിച്ച തുക നഷ്ടമാകുന്ന സ്ഥിതിയായി. ഒടുവിലാണ് നാട് ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ തീരുമാനിച്ചത്. 2019 സെപ്റ്റംബർ ഒന്നിന് മൂതല ഗ്രാമോദ്ധാരണ പൗരസമിതിയുടെ നേതൃത്വത്തിൽ ഇതിനുള്ള പ്രവർത്തനം തുടങ്ങി. 10 ദിവസം പിന്നിട്ടപ്പോൾ തന്നെ 10 സെന്റ്‌ വാങ്ങാനുള്ള തുക വന്നു. നാട്ടിലെ എല്ലാപേരും സംരംഭത്തിൽ പങ്കുചേർന്നതോടെ ആദ്യ ഘട്ടത്തിൽ 15 ഉം പിന്നീട് ആറും ചേർത്ത് 21 സെന്റ്‌ ഒരേ സ്ഥലത്ത് വാങ്ങാനും സാധിച്ചു. വസ്തുവിന്റെ ആധാരം വി.ജോയി എം.എൽ.എ പഞ്ചായത്ത് സെക്രട്ടറി ഷീജ മോൾക്ക് നൽകി ഉദ്ഘാടനം ചെയ്തു. പൗരസമിതി ചെയർമാൻ എസ്. സുധീന്ദ്രൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി, വൈസ് പ്രസിഡന്റ് എം. ഹസീന, കൺവീനർ എസ്.എസ്. ബിജു, സജീബ് ഹാഷിം, നിസാം, വിശ്വനാഥൻ, എൻ. അബൂത്താലീബ് എന്നിവർ പങ്കെടുത്തു. ടെൻഡർ നടപടികളായെന്നും ഉടൻ പണി തുടങ്ങുമെന്നും അധികൃതർ അറിയിച്ചു.