കിളിമാനൂർ: വളരെ തിരക്കേറിയ വ്യാപാരമേഖലയായ കിളിമാനൂരിലെ ശില്പ ജംഗ്ഷനിൽ അപകടം പതിയിരിക്കുന്നു. എം.സി റോഡിൽ ഒരു വളവിലുള്ള ജംഗ്ഷനാണിത്. ഒപ്പം സമീപത്തായൊരു ബാറും സ്ഥിതി ചെയ്യുന്നു. കൂടാതെ കെ.എസ്.ആർ.ടിസി ബസുകൾ എം.സി റോഡിലേക്ക് കയറുന്നതും ഇറങ്ങുന്നതും ഈ ജംഗ്ഷനിൽക്കൂടിയാണ്. ഇതു കൂടാതെ നിരവധി റോഡുകൾ സന്ധിക്കുന്ന ജംഗ്ഷൻ കൂടിയാണ് ശില്പ ജംഗ്ഷൻ. സമീപത്തായി മഹദേവേശ്വരം മാർക്കറ്റും പ്രവർത്തിക്കുന്നുണ്ട്. സുരക്ഷാ ഇടനാഴിയും ,ബി.എം ആൻഡ് ബി.സി നിലവാരത്തിലുമൊക്കെ റോഡ് വികസനം നടത്തുമ്പോൾ കിളിമാനൂരിലെ ഏറ്റവും തിരക്കേറിയ ശില്പ ജംഗ്ഷനു മാത്രം യാതൊരു മാറ്റവും ഇല്ല. ഇവിടെ അപകടം തുടർക്കഥയായിട്ടും അധികൃതർ കണ്ടില്ലന്ന് നടിക്കുകയാണ്.
കെ.എസ്.ടി.പി.യുടെ നേതൃത്വത്തിൽ സംസ്ഥാന പാത വികസനത്തിന്റെ ഭാഗമായി നിർമ്മിച്ച ബൈപാസ് റോഡിലൂടെ അമിത വേഗതയിലാണ് വാഹനങ്ങൾ കടന്നു പോകുന്നത്.കെ.എസ്.ആർ.ടി.സി.ഡിപ്പോയിലേക്ക് വരുന്ന ബസുകളും മറ്റ് വാഹനങ്ങളും തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടാകുന്നത് നിത്യ സംഭവമാണ്. ഇത്തരത്തിൽ അപകടത്തിൽ നിരവധി ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്.ഇവിടെ ഞാവേലികോണം റോഡിലായിട്ടാണ് ബാർ ഹോട്ടലും സ്ഥിതിചെയ്യുന്നത്. ഇത്രയും തിരക്കേറിയ ജംഗ്ഷനിൽ വേണ്ടത്ര സ്ഥലം ഇല്ലാത്തതും ,വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ സംവിധാനങ്ങൾ ഇല്ലാത്തതും നിത്യേന അപകടങ്ങൾ ഉണ്ടാകുന്നു. ഗതാഗത നിയന്ത്രണത്തിന് ഹോം ഹാർഡുകളെ നിയോഗിക്കാത്തത് അപകടത്തിന്റെ തോത് വർദ്ധിപ്പിക്കുന്നു.