കടയ്ക്കാവൂർ: തെരുവ് വിളക്കുകൾ കത്തുന്നില്ല യാത്രക്കാർ ഇരുട്ടിൽ തപ്പുന്നു. കടയ്ക്കാവൂർ പഞ്ചായത്തിന്റെ പലഭാഗങ്ങളിലും തെരുവ് വിളക്കുകൾ കത്തുന്നില്ലെന്നുളള പരാതികൾ കൂടിവരുന്നു. കടയ്ക്കാവൂർ ചെക്കാലവിളാകം ശ്രീ നാരായണ ഗവ.ഹയർ സെക്കൻഡറി സ്കൂൾ വഴി ആനത്തലവട്ടം ഭാഗത്തേക്കുള്ള തെരുവ് വിളക്കുകൾ കത്താതായിട്ട് മാസങ്ങൾ പലതായി.
തെരുവ് വിളക്കുകൾ കത്താത്തത് സാമൂഹ്യവിരുദ്ധർക്കും മോഷ്ടാക്കൾക്കും ഒരു അനുഗ്രഹമായി മാറുന്നു. അടുത്തകാലത്താണ് ശ്രീനാരായണ ഗവ.ഹയർ സെക്കൻഡറി സ്കുളിലെ കംപ്യൂട്ടറുകൾ ഇരുട്ടിൻെറ മറവിൽ മോഷണം പോയത് . രാത്രികാലങ്ങളിൽ സ്കൂൾ കോമ്പൗണ്ടിൽ കയറി പൈപ്പുകളും ജനാലകളും മറ്റും അടിച്ച് തകർക്കുക സ്കൂൾ ബസിന് കേടുവരുത്തുക തുടങ്ങിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വാഴക്കുല മോഷണം കരിക്ക് , കോഴി മോഷണം തുടങ്ങിയ സംഭവങ്ങളും ഇരുട്ടിൻെറ മറവിൽ നടക്കുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അടിയന്തരമായി തെരുവ് വിളക്കുകൾ കത്തിക്കുന്നതിനും പൊലീസിൻെറ ശ്രദ്ധ ഇൗ ഭാഗങ്ങളിലും ഉണ്ടാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം