chennamangalam-kaithari

ബാലരാമപുരം: കൈത്തറി - നെയ്ത്ത് വ്യവസായത്തെ സംരക്ഷിക്കാനും മേഖലയിലെ തൊഴിലില്ലായ്മയും കൊഴിഞ്ഞുപോക്കും ഇല്ലാതാക്കുന്നതിനുമായി സർക്കാർ നടപ്പാക്കിയ സ്കൂൾ യൂണിഫോം പദ്ധതി തൊഴിലാളികൾക്ക് കഴിഞ്ഞ എട്ട് മാസമായി കൂലിയും നാല് മാസമായി നൂലും നൽകാതെ പട്ടിണിക്കിട്ട് കൊല്ലുകയാണെന്ന് തിരുവനന്തപുരത്ത് ചേർന്ന സ്റ്റേറ്റ് ഹാൻഡ്ലൂം കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ യോഗം ആരോപിച്ചു. ഈ പദ്ധതിക്കായി നൽകികൊണ്ടിരുന്ന 30 രൂപ 50 പൈസ ഇപ്പോൾ 4 രൂപ 92 പൈസയായി വെട്ടിക്കുറച്ചു. നൂലില്ലാതെ നൂൽ ഡിപ്പോകളുടെ ഉദ്ഘാടന മാമാങ്കം നടത്തി സർക്കാർ തൊഴിലാളികളെ വെല്ലുവിളിക്കുകയാണ്. എത്രയും വേഗം കൂലി കുടിശിക കൊടുത്ത് തീർത്ത് നൂൽ വിതരണം പുനഃസ്ഥാപിച്ചില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. അസോസിയേഷൻ ഭാരവാഹികളായ ബാലരാമപുരം എം.എ.കരീം,​ പെരിങ്ങമല വിജയൻ,​ വണ്ടന്നൂർ സദാശിവൻ,​ കുഴിവിള ശശി,​ വട്ടവിള വിജയകുമാർ,​ പട്ട്യാക്കാല രഘു,​ കൂവളശ്ശേരി പ്രഭാകരൻ,​ മംഗലത്തുകോണം തുളസീധരൻ,​ ടി.വി ബാലകൃഷ്ണൻ,​ ജി.വിജയൻ,​ കെ.കെ. രവീന്ദ്രൻ പിള്ള,​ ഇന്ദിരാമോഹൻ,​ എസ്.ഭക്തവത്സലൻ,​ വി.ബാലസുബ്രമണ്യൻ,​ വി.എം.ചന്തുക്കുട്ടി,​ പി.ചന്ദ്രൻ,​ പിറവിളാകം അനിൽകുമാർ,​ ജയഭദ്രൻ,​ നരുവാമൂട് രാമചന്ദ്രൻ,​ ആർ.വസന്തരൻ,​ ക്രിസ്തുദാസ്,​ മണ്ണടിക്കോണം ബിനു,​ കുറ്റിച്ചൽ മധു,​ ജയചന്ദ്രൻ,​ വെള്ളാപള്ളി പുഷ്ക്കരൻ,​ തിരുപുറം ബിജു,​ പി.എസ്. സനൽകുമാർ എന്നിവർ പങ്കെടുത്തു.