സംസ്ഥാനത്ത് പരക്കെ ചെറുതും വലുതുമായ അക്രമസംഭവങ്ങൾ കൂടിക്കൂടി വരുന്നുവെന്നതിന് ഏതെങ്കിലും ഒരു പത്രമെടുത്ത് നിവർത്തിയാൽ മതി. മോഷണം, കവർച്ച, പിടിച്ചുപറി മുതൽ കത്തിക്കുത്തും കൊലപാതകവും വരെയുള്ള കുറ്റകൃത്യങ്ങളുടെ നീണ്ട പരമ്പരതന്നെ കാണാം. കൂലിത്തല്ലും ക്വട്ടേഷൻ കൊലയും അപൂർവമായിരുന്ന കാലമുണ്ടായിരുന്നു. ഇപ്പോൾ സ്ഥിതി അതല്ല. ഇഷ്ടമില്ലാത്തതോ മനസിന് പിടിക്കാത്തതോ ആയ ഏതു പ്രവൃത്തിയുടെ പേരിലും അക്രമം അരങ്ങേറാം. പിന്നാലെ വരുന്ന വാഹനത്തിന് സൈഡ് കൊടുക്കാൻ അല്പം വൈകിയാൽ മതി, നടുറോഡിൽ ഏറ്റുമുട്ടലും കത്തിക്കുത്തുംവരെ ഉണ്ടായെന്നിരിക്കും. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടു പൊലീസ് പിടിയിലാകുന്ന പലരുടെയും പൂർവചരിത്രം വിവരിക്കുന്നതിനിടയിൽ ആൾ മുമ്പ് ഉൾപ്പെട്ടിട്ടുള്ള ക്രിമിനൽ കേസുകളുടെ സംഖ്യ നോക്കിയാൽ ആരുടെയും കണ്ണുതള്ളിപ്പോകും.
കഴിഞ്ഞ ഒരു ദിവസം തിരുവനന്തപുരത്ത് മലയിൻകീഴിൽ ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബന്ധുവുൾപ്പെടെ രണ്ടുപേരെ വെട്ടിവീഴ്ത്തിയ യുവാവിന്റെ പേരിൽ ജില്ലയിലെ പല പൊലീസ് സ്റ്റേഷനുകളിലായി പത്തിലധികം ക്രിമിനൽ കേസുണ്ടെന്നായിരുന്നു വാർത്ത. കഞ്ചാവ് കേസിലും പ്രതിയായ ഇയാൾ അടുത്ത ദിവസമാണത്രേ ജാമ്യം നേടി പുറത്തിറങ്ങിയത്. മലയിൻകീഴിലേത് ഒറ്റപ്പെട്ട കേസൊന്നുമല്ല. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ക്രിമിനൽകേസിൽപെട്ട് പൊലീസ് പിടികൂടുന്ന പലരുടെയും ചരിത്രം ഇതുപോലെയാണ്. അഞ്ചും പത്തുമൊന്നുമല്ല ഒന്നും രണ്ടും ഡസൻ കേസുകൾ വരെ സ്വന്തമായി കൊണ്ടു നടക്കുന്നവർ നിരവധിയാണ്. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർപോലും അനായാസം ജാമ്യം നേടി പുറത്ത് വിലസിനടന്ന് നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനെക്കുറിച്ചുള്ള വാർത്തകൾ അപൂർവമല്ല. കഞ്ചാവിന്റെയും ലഹരി സാമഗ്രികളുടെയും കടത്തും വില്പനയും വ്യാപകമായതോടെ പല അക്രമസംഭവങ്ങൾക്കു പിന്നിലും ഇത്തരം സംഘങ്ങളെ കാണാം. എക്സൈസും പൊലീസും ലഹരിവേട്ട ഏറെ ശക്തിപ്പെടുത്തിയശേഷവും സ്ഥിതി ഇതാണ്. ലഹരി വില്പന ചോദ്യം ചെയ്യാനൊരുങ്ങുന്ന നാട്ടുകാർ പേടിച്ചുവിറച്ചു കഴിയേണ്ടസ്ഥിതിയാണിപ്പോൾ. ഏതു സമയത്തും അവർ ആക്രമിക്കപ്പെട്ടേക്കാം. വീട് അടിച്ചു തകർക്കപ്പെടാം. നിരവധി സംഭവങ്ങൾ അങ്ങനെ നാട്ടിൽ പലേടത്തും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.
നിയമ - നീതി നടത്തിപ്പിലെ ഗുരുതരമായ പാളിച്ചകളാണ് നാട്ടിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത്. പരസ്യമായിപ്പോലും കുറ്റകൃത്യങ്ങളിലേർപ്പെടാൻ പലരും തയ്യാറാകുന്നത് നിയമത്തെ പേടിയില്ലാതെ വരുമ്പോഴാണ്. മജിസ്ട്രേട്ടിനെപ്പോലും കോടതിയിൽ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങൾ അരങ്ങേറുമ്പോൾ സ്ഥിരം പുള്ളികൾ ആരെ ഭയക്കണം.
കേസുകൾ തീർപ്പാക്കുന്നതിനു നേരിടുന്ന കാലതാമസം കുറ്രകൃത്യങ്ങളിലേർപ്പെടുന്നവർക്ക് കൂടുതൽ സൗകര്യമാകുന്നു. സ്വതന്ത്രനായി എത്രകാലമെങ്കിലും പുറത്ത് വിഹരിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. കൊലക്കുറ്റമാണെങ്കിൽ പോലും നിശ്ചിത ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ പ്രതിയെ ജാമ്യത്തിൽ വിടണമെന്നാണ് ചട്ടം. ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളുടെ കാര്യത്തിലാകട്ടെ എളുപ്പം പുറത്തുവരാൻ കഴിയും. രാജ്യത്തെ കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ കൂട്ടത്തിൽ ഇരുപതും ഇരുപത്തിയഞ്ചും വർഷം പഴക്കമുള്ളവ പോലുമുണ്ട്. കൂടുതൽ കോടതികൾ സ്ഥാപിച്ച് അവ തീർപ്പാക്കാവുന്നതേയുള്ളൂ. മറ്റ് ഏതു കാര്യത്തിനും പണം ചെലവാക്കാൻ മടികാണിക്കാത്ത സർക്കാരുകൾ പുതിയ കോടതികൾ സ്ഥാപിക്കേണ്ട കാര്യം വരുമ്പോൾ പിശുക്കുപുറത്തെടുക്കും. ഓരോ കോടതിയും കേസുകെട്ടുകളുടെ ഭാരത്താൽ ശ്വാസം മുട്ടുകയാണ്. ഓരോ പ്രവൃത്തി ദിവസത്തിന്റെയും പകുതി സമയം കേസുകൾ വിളിച്ചുമാറ്റി വയ്ക്കാൻ വേണ്ടിയാണ് വിനിയോഗിക്കുന്നത്. അഭിഭാഷകർക്കല്ലാതെ മറ്റാർക്കും ഇതുകൊണ്ടു ഗുണമൊന്നുമില്ല.
പോക്സോ കേസുകൾക്ക് മാത്രമായി പ്രത്യേക കോടതികൾ സ്ഥാപിക്കാൻ നിർദ്ദേശിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവിറങ്ങിയിട്ട് വർഷങ്ങളായെങ്കിലും കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളും മടിച്ചു നിൽക്കുകയാണ്. ഇതിനാവശ്യമായ ഫണ്ട് കേന്ദ്രത്തിൽ നിന്ന് വാങ്ങാനാവും. ഇതിനകം സംസ്ഥാനത്ത് വിരലിലെണ്ണാവുന്ന പോക്സോ കോടതികളേ സ്ഥാപിച്ചിട്ടുള്ളൂ. പോക്സോ കേസുകളാകട്ടെ ഓരോ വർഷവും കൂടിക്കൂടി വരികയുമാണ്.
ജാമ്യം നേടി പുറത്തുവന്നശേഷവും കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരുടെ കാര്യത്തിൽ ജാമ്യവ്യവസ്ഥകൾ കൂടുതൽ കർക്കശമാക്കേണ്ടതുണ്ട്. വ്യവസ്ഥകൾ ഉദാരമായതുകൊണ്ടാണ് വലിയ ക്രിമിനലുകൾ പോലും നാട്ടിലിറങ്ങി സ്വൈരവിഹാരം നടത്തുന്നതും, കീർത്തിമുദ്രകൾ എന്നപോലെ പ്രതി ഇരുപതോളം കേസിൽ പ്രതിയാണെന്ന് പൊലീസിന്റെ റിപ്പോർട്ടിൽ പരാമർശിക്കപ്പെടുന്നതും.