തിരുവനന്തപുരം:എസ്.എൻ.ഡി.പി.യോഗത്തിനും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമെതിരെ മുൻ മാവേലിക്കര യൂണിയൻ പ്രസിഡന്റ് സുഭാഷ് വാസു ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതവും യോഗത്തെ മന:പൂർവ്വം കളങ്കപ്പെടുത്താൻ ഉദ്ദ്യേശിച്ചുള്ളതുമാണെന്ന് തിരുവനന്തപുരം ജില്ലയിലെ ഒന്നൊഴികെ മറ്റ് 13 യൂണിയനുകളുടെയും ഭാരവാഹികൾ സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സ്വന്തം വീഴ്ചകളും പിഴവുകളും മറച്ചുവയ്ക്കാനാണ് സുഭാഷ് വാസു യോഗ നേതൃത്വത്തിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ നിരന്തരം ഉന്നയിക്കുന്നത്..യോഗത്തിന്റെ ശുപാർശയിൽ ലഭിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗത്വം വ്യക്തിതാൽപര്യങ്ങൾക്ക് വേണ്ടി മാത്രം വിനിയോഗിക്കുകയും ഭക്തജനങ്ങളുടെ പ്രതീക്ഷകൾ അവഗണിക്കുകയും ചെയ്ത വ്യക്തിയാണ് സുഭാഷ് വാസു. യോഗം മാവേലിക്കര . യൂണിയൻ പ്രസിഡന്റായിരിക്കെ മൈക്രോഫിനാൻസിലൂടെ ലഭിച്ച കോടിക്കണക്കിന് രൂപ വക മാറ്റി ചെലവാക്കിയതിന്റെ പേരിലുള്ള പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗിക്കുകയാണ്. ഇതിൽ യോഗ നേതൃത്വം നിഷ്പക്ഷ നിലപാടെടുത്തതാണ് സുഭാഷ് വാസു യോഗം ജനറൽ സെക്രട്ടറിക്കെതിരെ തിരിയാൻ കാരണം. കരുത്തുറ്റ നേതൃത്വത്തിലൂടെ രണ്ട് പതിറ്റാണ്ടിലേറെക്കാലം യോഗത്തെ വളർത്തിയ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ജില്ലയിലെ 13 യൂണിയനുകളും ശക്തമായ പിന്തുണ നൽകുന്നതായി യൂണിയൻ പ്രസിഡന്റുമാരും സെക്രട്ടറിമാരും പറഞ്ഞു.

വാർത്താസമ്മേളനത്തിൽ ഡി. പ്രേംരാജ്, ആലുവിള അജിത് (തിരുവനന്തപുരം പത്രാധിപർ കെ. സുകുമാരൻ സ്മാരക യൂണിയൻ ) ,ഉപേന്ദ്രൻ കോൺട്രാക്ടർ, അനീഷ് ദേവൻ( തിരുവനന്തപുരം ഡോ.പൽപ്പു സ്മാരക യൂണിയൻ), ടി. എൻ. സുരേഷ്, തോട്ടം കാർത്തികേയൻ ( കോവളം യൂണിയൻ), സുപ്രിയ സുരേന്ദ്രൻ ,മേലാംകോട് സുധാകരൻ

(നേമം യൂണിയൻ), കെ.വി സൂരജ്കുമാർ, ആവണി ശ്രീകണ്ഠൻ, (നെയ്യാറ്റിൻകര യൂണിയൻ), വീരണക്കാവ് സുരേന്ദ്രൻ, പരുത്തിപ്പള്ളി സുരേന്ദ്രൻ (ആര്യനാട് യൂണിയൻ ) ,എ.മോഹൻദാസ്, നെടുമങ്ങാട് രാജേഷ്, (നെടുമങ്ങാട് യൂണിയൻ), പാങ്ങോട് ചന്ദ്രൻ, അഡ്വ.വേണു കാരണവർ (വാമനപുരം യൂണിയൻ), എസ്. ഗോകുൽദാസ്, എം. അജയൻ (ആറ്റിങ്ങൽ യൂണിയൻ), എസ്.വിഷ്ണുഭക്തൻ,പെരുങ്ങുഴി ശ്രീകുമാർ (ചിറയിൻകീഴ് യൂണിയൻ ), മഞ്ഞമല സുഭാഷ് , ഇടവക്കോട് രാജേഷ്, (ചെമ്പഴന്തി യൂണിയൻ ) കല്ലമ്പലം നകുലൻ, അജി എസ്. ആർ.എം (ശിവഗിരി യൂണിയൻ), മണികണ്ഠൻ, അഡ്വ.സതീഷ് (കുഴിത്തുറ യൂണിയൻ) തുടങ്ങിയവർ പങ്കെടുത്തു.