തിരുവനന്തപുരം: കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപറേഷന്റെ (കാഡ്‌കോ) ലേബർ ഡേറ്റാ ബാങ്ക് രജിസ്‌ട്രേഷൻ കോ - ബാങ്ക് ഓഡിറ്റോറിയത്തിൽ മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്‌തു. വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മേയർ കെ. ശ്രീകുമാർ, കാഡ്‌കോ ചെയർമാൻ നെടുവത്തൂർ സുന്ദരേശൻ, കാഡ്‌കോ എം.ഡി കെ.ജി. അജിത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.
പരമ്പരാഗത ആർട്ടിസാൻമാരുടെ സമഗ്ര വിവരശേഖരണത്തിനും കോർപറേഷന്റെ പദ്ധതികളിലേക്ക് വിദഗ്ദ്ധ തൊഴിലാളികളെ കണ്ടെത്തി സർക്കാർ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുമാണ് ഡേറ്റാ ബാങ്ക് തയ്യാറാക്കുന്നത്. അക്ഷയ കേന്ദ്രങ്ങളിലൂടെ നടപ്പാക്കുന്ന പദ്ധതിയിൽ മുഴുവൻ ആർട്ടിസാനുകളെയും രജിസ്റ്റർ ചെയ്യും.
'കാഡ്‌കോ"യുടെ പദ്ധതികളുടെ ഗുണം തൊഴിലാളികളിലെത്തിക്കുന്നതിനും തൊഴിലില്ലായ്‌മയും അവഗണനയും പരിഹരിക്കുന്നതിനുള്ള പദ്ധതികൾ വിജയകരമായി നടപ്പാക്കാനും ഇതുവഴി സാധിക്കും. മരപ്പണി, ഇരുമ്പുപണി, സ്വർണപ്പണി, കൽപ്പണി, ചെമ്പുപാത്ര നിർമ്മാണം, ഓട്ടുപാത്ര നിർമ്മാണം, മൺപാത്രവേല, കരകൗശലം, തയ്യൽ, തച്ചുശാസ്ത്രം, ക്ഷേത്ര രൂപകല്പന, ക്ഷേത്രകൊത്തുപണി, ശില്പ നിർമ്മാണം തുടങ്ങിയവ ചെയ്യുന്നവർ, ഇവയ്‌ക്കനുബന്ധമായി ജോലിചെയ്യുന്നവർ, കാഡ്‌കോയിലെ ട്രേഡുകളായ പ്ലാംബിംഗ്, ഇലക്ട്രീഷ്യൻ പെയിന്റിംഗ്, ടൈൽ വർക്ക്, ഇന്റീരിയർ ഡെക്കറേഷൻ, ഐ.ടി തുടങ്ങിയവയിൽ ജോലിചെയ്യുന്നവരെയും സംരംഭകരെയുമാണ് ഡേറ്റാ ബാങ്കിലുൾപ്പെടുത്തിയിരിക്കുന്നത്.