shmashanam-1

പാറശാല: പാറശാലയിൽ പൊതുശ്മശാനം നിർമ്മിക്കണമെന്ന നാട്ടുകാരുടെ നിരന്തര ആവശ്യം യാഥാർത്ഥ്യത്തിലേക്ക്. പാറശാല സർക്കാർ ആശുപത്രിക്ക് പുറകിലായി ഗ്രാമപഞ്ചായത്ത് കണ്ടെത്തിയ 50 സെന്റ് സ്ഥലത്താണ് ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന പൊതുശ്മശാനം നിർമ്മിച്ചു കൊണ്ടിരിക്കുന്നത്. ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് തടസമാകാതെയും പരിസരവാസികളുടെ സ്വൈരജീവിതം തടസപ്പെടുത്താത്ത രീതിയിലുമായിരിക്കും ശ്മശാനത്തിന്റെ പ്രവർത്തനമെന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്. ശ്മശാനത്തിലേക്ക് തവളയില്ലാകുളത്തിന്റെ കരയിലൂടെ എം.എൽ.എ ഫണ്ട് ഉപയോഗിച്ച്‌ റോഡ് നിർമ്മിക്കും. ഇവിടെ തോടിന് കുറുകെയുള്ള പാലത്തിന്റെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ശ്മശാന നിർമ്മാണത്തിനായി സർക്കാർ ആനുകൂല്യമായി ലഭിച്ച 80 ലക്ഷം രൂപക്ക് പുറമേ പഞ്ചായത്ത് വക ഫണ്ടിൽ നിന്നും കണ്ടെത്തിയ 50 ലക്ഷം രൂപയും ഉൾപ്പെടെ ഒരു കോടി മുപ്പത് ലക്ഷത്തോളം രൂപ ചെലവാക്കിയാണ് ശ്മശാനം നിർമ്മിക്കുന്നത്. ശ്മശാനത്തിന്റെ പ്രവർത്തനം പാറശാലയിലെ 23 വാർഡുകളിലെ ജനങ്ങൾക്ക് പുറമെ സമീപ പ്രദേശങ്ങളിലെ നാട്ടുകാർക്കും ഏറെ പ്രയോജനകരമാവും. സമൂഹത്തിലെ ചില സമുദായങ്ങൾക്ക് മാത്രമാണ് ഇപ്പോൾ സ്വന്തമായി ശ്മശാനമുള്ളത്. ഇതിൽ തന്നെ പലതിന്റെയും പ്രവർത്തനത്തിനെതിരെ നാട്ടുകാരിൽ എതിർപ്പും ഉണ്ട്. അതിനാൽ സ്വന്തമായി ഭൂമി ഇല്ലാത്തവരും പ്രദേശവാസികളല്ലാത്തവരും മരിച്ചാൽ മൃതദേഹം തിരുവനന്തപുരത്തെ ശാന്തികവാടത്തിൽ എത്തിച്ച് ദഹിപ്പിക്കുകയാണ് പതിവ്. ഭാരിച്ച തുകയാണ് ഇതിനായി ചെലവാക്കേണ്ടി വരുന്നത്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ശ്മശാന നിർമ്മാണത്തിനായി സർക്കാർ ഫണ്ട് അനുവദിച്ചിരുന്നെങ്കിലും പദ്ധതി നിർമ്മാണത്തിനായി കണ്ടെത്തിയ സ്ഥലത്തിനെതിരെയുള്ള തർക്കങ്ങൾ കാരണം ഉപേക്ഷിക്കുകയായിരുന്നു. നേരത്തെ ഭരണം നടത്തിവന്ന ഇടത് വലത് പഞ്ചായത്തുകൾ ഓരോ വർഷത്തിലെ ബഡ്ജറ്റിലും ശ്മശാനത്തിനായി തുക വകയിരുത്താറുണ്ടായിരുന്നെങ്കിലും പദ്ധതി നടപ്പിലായില്ല. എന്നാൽ അടുത്ത ആറ് മാസത്തിനുള്ളിൽ തന്നെ ശ്മശാനത്തിന്റെ പണി പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കാനാണ് പഞ്ചായത്ത് സമിതിയുടെ തീരുമാനം.