lorry

വെള്ളനാട്: വെള്ളനാട് ഗ്രാമപഞ്ചായത്തിലെ കൂവക്കുടി പഴയ പാലത്തിലും സമീപ പ്രദേശങ്ങളിലും അനധികൃത ലോറി പാർക്കിംഗിന്നെതിരെ നടപടിവേണമെന്ന് ആവശ്യപ്പെട്ട് വെള്ളനാട് ഗ്രാമ പഞ്ചായത്ത് അധികൃതർ നെടുമങ്ങാട് ഡി.വൈ.എസ്.പി, ആര്യനാട് പൊലീസ് എന്നിവർക്ക് പരാതി നൽകി. തമിഴ്നാട്ടിൽ നിന്നും സിമന്റ് ലോഡുമായി വരുന്ന ലോറികളാണ് പഴയ പാലത്തിലും സമീപ പ്രദേശങ്ങളിലുമായി പാർക്ക് ചെയ്യുന്നത്. പത്തിലധികം ടയറുകളുള്ള ലോറികളാണ് ഇത്. ഒരു വാഹനം പോകുമ്പോൾ വീണ്ടും അടുത്ത ലോറികൾ ഇടംപിടിക്കും. ഇങ്ങനെ കഴിഞ്ഞ കുറേ മാസങ്ങളായി വാഹനങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് കൂവക്കുടി പഴയ പാലത്തിന്റെ ഇരുവശവും. കൂവക്കുടി പുതിയ പാലത്തിന്റെ സംരക്ഷണ വേലി ദിവസങ്ങൾക്ക് മുൻപ് നശിപ്പിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അനധികൃത പാർക്കിഗ് കൂടി ആയപ്പോൾ പഴയ റോഡിലൂടെ മാത്രം വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയില്ല. ലോറികൾ പാർക്ക് ചെയ്യാതിരിക്കാൻ കൂവക്കുടി പഴയ പാലത്തിലെ അപ്രോച്ച് റോഡിൽ ഇരുമ്പ് പൈപ്പുകൾ സ്ഥാപിച്ച് ചങ്ങലയിട്ട് സംരക്ഷിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിഅറിയിച്ചു.