accused

തിരുവനന്തപുരം : യു.എസിലെ പ്രശസ്തമായ ഫ്ലവേഴ്സ് ആശുപത്രിയിൽ ജോലി നൽകാമെന്ന് പറഞ്ഞ് മലയാളി യുവതിയിൽ നിന്നു 13 ലക്ഷം തട്ടിയ നൈജീരിയൻ യുവാവ് അറസ്റ്റിൽ. ആശുപത്രിയുടെ പേരിൽ വ്യാജ വെബ്സൈറ്റ് നിർമ്മിച്ച് തട്ടിപ്പ് നടത്തിയ കോലാവോലെ ബോബോയിയെയാണ് (26) തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് സംഘം മുംബയിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇയാൾ പലരിൽ നിന്നും ഇതേ രീതിയിൽ പണം തട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

തിരുവനന്തപുരം സ്വദേശിയായ നന്ദനയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ഷൈൻ .കോം എന്ന ജോബ് പോർട്ടലിൽ ഇയാൾ ആശുപത്രിയുടെ പേരിൽ ഒരു വ്യാജ ഐ.ഡി നിർമ്മിച്ചിരുന്നു. ഈ സൈറ്റിൽ ജോലി ഒഴിവ് കണ്ടാണ് നന്ദന അപേക്ഷിച്ചത്. തുടർന്ന് കുടുംബസമേതം യു.എസിലേക്ക് വിസ തരപ്പെടുത്തി തരാമെന്നും വിസയ്‌ക്കും മറ്റ് ചെലവുകൾക്കുമായി വലിയ തുക വേണ്ടിവരുമെന്നും കോലാവോലെ ആവശ്യപ്പെട്ടു.

അങ്ങനെ പലപ്പോഴായി 13 ലക്ഷത്തോളം രൂപ യുവതി സൈറ്റിൽ പറഞ്ഞിരുന്ന അക്കൗണ്ടിലിട്ടു. എന്നാൽ വീണ്ടും പണം

ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. സൈറ്റിൽ പറഞ്ഞിരുന്ന അക്കൗണ്ടെല്ലാം വ്യജമാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. തിരുവനന്തപുരം റേഞ്ച് ഡി.ഐ ജി. സഞ്ജയ് കുമാർ ഗരുദിന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം ഡിവൈ.എസ്.പി ജീജി .എൻ, ഇൻസ്പെക്ടർ എച്ച്. മുഹമ്മദ് ഖാൻ എന്നിവർ നടത്തിയ അന്വേഷണത്തിൽ പ്രതി മുംബയിൽ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. സി.ഐ മുഹമ്മദ് ഖാൻ .എച്ച്, എസ്.ഐ അനീഷ് കരീം, ബിജുലാൽ .കെ.എൻ, സൈബർ പൊലീസുകാരായ വിജേഷ് .വി.യു, അനീഷ് .പി എന്നിവർ ചേർന്നാണ് പ്രതിയെ മുംബയിൽ നിന്നു അറസ്റ്റ് ചെയ്തത്. ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പിന്നിൽ വൻ സംഘമോ?​

കേസിൽ വൻ സംഘം ഉൾപ്പെട്ടിട്ടുള്ളതായാണ് പൊലീസ് സംശയിക്കുന്നത്. അതിനാൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. കോലാവോലെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ബാങ്ക് അക്കൗണ്ടുകളാണ് തട്ടിപ്പിന് ഉപയോഗിച്ചിരുന്നത്.

ഇയാളിൽ നിന്നു നിരവധി സിം കാർഡുകൾ, എ.ടി.എം കാർഡുകൾ, ലാപ് ടോപ്പുകൾ, ബാങ്ക് പാസ് ബുക്കുകൾ എന്നിവ കണ്ടെത്തി. യുവതിക്ക് അയച്ച മെയിലുകളുടെ വിശദാംശങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതിയെക്കുറിച്ച് തുമ്പ് ലഭിച്ചത്.