വിതുര: പഞ്ചായത്തിലെ മേലേകൊപ്പത്ത് രണ്ടാഴ്ചയായി ഭീതി പരത്തി വിഹരിച്ചിരുന്ന കൂറ്റൻ മൂർഖനെ പിടികൂടി. വിതുര കലുങ്ക് ജംഗ്ഷനിൽ നിന്ന് അര കിലോമീറ്റർ ദൂരെ പാലോട്-വിതുര റോഡിൽ മേലെ കൊപ്പത്തിന് സമീപമാണ് മൂർഖൻ നാട്ടുകാരുടെ ഉറക്കം കെടുത്തിയത്.
കൊപ്പത്ത് റോഡരികിൽ രാജവെമ്പാലയെ കണ്ടതായി നേരത്തെ വാർത്ത പരന്നിരുന്നു. നാട്ടുകാർ ഭയചകിതരാകുകയും പാമ്പു പിടിത്തക്കാരനായ മേമല സനൽരാജിനെ വിളിക്കുകയും ചെയ്തിരുന്നു. കൂറ്റൻ മൂർഖൻ പാമ്പിനെക്കണ്ട് തെറ്റിധരിച്ചാണ് രാജവെമ്പാലയെന്ന് പറഞ്ഞത്. അന്ന് സനൽരാജ് എത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. രണ്ടാഴ്ചയ്ക്കിടയിൽ പല വീടുകളിലും മൂർഖൻ കയറി ഭീതി പരത്തിയിരുന്നു. മൂന്ന് തവണ മൂർഖനെ പിടിക്കാൻ സനൽരാജ് എത്തിയെങ്കിലും പാമ്പ് സ്ഥലം വിടുകയായിരുന്നു. പാമ്പ് കയറാതിരിക്കാൻ വീടുകളിൽ മണ്ണെണ്ണ തളിച്ചാണ് നാട്ടുകാർ അന്തിയുറങ്ങിയത്. ഒടുവിൽ മൂർഖൻ ഒളിച്ചിരുന്ന കല്ലുകെട്ട് നാട്ടുകാർ കണ്ടെത്തി. ഇന്നലെ ജെ.സി.ബി ഉപയോഗിച്ച് കെല്ലുകെട്ട് പൊളിച്ചുമാറ്റി. ഇതിനിടയിൽ പാമ്പ് മുങ്ങാൻ ശ്രമിച്ചെങ്കിലും സനൽരാജ് പിടികൂടി ചാക്കിലാക്കുകയായിരുന്നു. ഇന്നലെ മൂർഖനെ പിടിച്ചതിന്റെ തൊട്ടടുത്തു നിന്ന് ഒരാഴ്ച മുൻപ് ഒരു മൂർഖനെ പിടികൂടിയിരുന്നു.