kerala-elephant-census

തിരുവനന്തപുരം : ഉത്സവാഘോഷങ്ങളിൽ ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് നടപടികൾ ശക്തമാക്കുമെന്നും ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയിൽ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന് ഒരു മാസം കൂടി അനുവദിക്കുമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ കെ. സുരേന്ദ്രകുമാർ അറിയിച്ചു. 2012 വരെ ആനകളെ ഉത്സവത്തിനായി എഴുന്നള്ളിച്ചിരുന്ന ക്ഷേത്രങ്ങളും ദേവസ്വങ്ങളുമാണ് പേര് രജിസ്റ്റർ ചെയ്യേണ്ടത്. ജനുവരി 20 മുതൽ 2015 ആഗസ്റ്റ് 18ലെ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമുള്ള സമയപരിധിക്കുള്ളിൽ രജിസ്റ്റർ നടപടികൾ പൂർത്തിയാക്കാൻ കഴിയാത്ത ക്ഷേത്രങ്ങൾക്കാണ് അവസരം. അധിക സമയം അനുവദിച്ച ജില്ലകൾക്ക് ഇത് ബാധകമായിരിക്കില്ല. ഉത്സവങ്ങൾക്കും പൂരങ്ങൾക്കും പുതുതായി രജിസ്‌ട്രേഷൻ നൽകുകയില്ലെന്നും 2012 വരെ ഉപയോഗിച്ചു വന്നതിൽ കൂടുതൽ ആനകളെ എഴുന്നള്ളിക്കാൻ അനുമതി നൽകുകയില്ലെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.