തിരുവനന്തപുരം : ബോണക്കാട് ഫോറസ്റ്റ് പിക്കറ്റ് സ്റ്റേഷനിൽ നിന്ന് മൂന്നു സ്ത്രീകളടങ്ങുന്ന 116 അംഗ ആദ്യ സംഘം പുറപ്പെട്ടതോടെ ഈ വർഷത്തെ അഗസ്ത്യാർകൂട സന്ദർശനത്തിന് തുടക്കമായി. രജിസ്‌ട്രേഷൻ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ മുഴുവൻ പ്രവേശന പാസുകളും ബുക്ക്ചെയ്തു കഴിഞ്ഞിരുന്നു. ഇത്തവണ 3600 പേരാണ് മലകയറുക. ഇതിൽ 170 പേർ സ്ത്രീകളാണ്. രണ്ടുപേർ വിദേശികളും.
സ്ത്രീകൾക്ക് പ്രത്യേക പരിഗണന നൽകില്ലെന്ന അറിയിപ്പുണ്ടെങ്കിലും ഇത്തവണ സ്ത്രീ പങ്കാളിത്തം കൂടുതലാണ്. കഴിഞ്ഞ തവണ 103 പേരാണ് മലകയറിയത്. ഫെബ്രുവരി 18 വരെ നീളുന്ന സന്ദർശനകാലത്ത് പ്രത്യേകം പരിശീലനം സിദ്ധിച്ച 32 ഗൈഡുകളും വനപാലകരും സന്ദർശകർക്ക് വഴികാട്ടികളാവും. പത്തുപേരടങ്ങുന്ന ഓരോ ഗ്രൂപ്പിനും ഒരു ഗൈഡിന്റെ സേവനം ലഭ്യമാകും. അതിരുമല ബേസ് ക്യാമ്പിൽ 24 മണിക്കൂർ രണ്ട് വനിതാ വനപാലകരുടെ സാന്നിദ്ധ്യവും ഉറപ്പുവരുത്തിയിട്ടുണ്ട്. വന്യജീവികളുടെ സാന്നിദ്ധ്യവും വഴി ദുർഘടമായതും കാരണം 14 വയസിൽ താഴെയുള്ള കുട്ടികൾക്ക് സന്ദർശനാനുമതി നൽകിയിട്ടില്ല. ലാത്തിമൊട്ട, കരമനയാർ, അട്ടയാർ, എഴുമടക്കൻ തേരി, അതിരുമല എന്നിവിടങ്ങളിലാണ് ഇടത്താവളങ്ങളൊരുക്കിയിട്ടുള്ളത്. അതിരുമലയിൽ മാത്രമാണ് താമസസൗകര്യമുള്ളത്. ബോണക്കാട് പിക്കറ്റ് സ്റ്റേഷൻ, അതിരുമല ക്യാമ്പ് സ്റ്റേഷൻ എന്നിവിടങ്ങളിൽ കാന്റീൻ സൗകര്യവും വകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്. സന്ദർശകർ പൂജാദ്രവ്യങ്ങൾ, പ്ലാസ്റ്റിക്, മദ്യം, മറ്റ് ലഹരി പദാർത്ഥങ്ങൾ എന്നിവ കൊണ്ടുപോകുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. വനത്തിനുള്ളിൽ പുകവലി, ഭക്ഷണം പാകം ചെയ്യൽ എന്നിവയും അനുവദിക്കുന്നതല്ല.