ആറ്റിങ്ങൽ: കല്ലുവാതുക്കൽ മദ്യ ദുരന്തത്തോടനുബന്ധിച്ച് തിരുവനന്തപുരം ഇൻകം ടാക്സ് റെയ്ഡ് ചെയ്തത് കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന്റെ വ്യാജ സ്റ്റിക്കറുകൾ കണ്ടെടുത്തു എന്നാരോപിച്ച് ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് ചാർജ് ചെയ്ത കേസിലെ പ്രതികളായ മണിച്ചൻ എന്ന ചന്ദ്രൻ, മണിച്ചന്റെ ഭാര്യ ഉഷ, മാനേജർ ബാലചന്ദ്രൻ എന്നിവരെ കേസിൽ കുറ്റക്കാരല്ലെന്ന് കണ്ട് ആറ്റിങ്ങൽ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് അമ്പിളി ചന്ദ്രൻ വെറുതേ വിട്ടു.
ഒന്നാം പ്രതിയായ മണിച്ചൻ സർക്കാരിനെ കബളിപ്പിച്ച് അമിതാദായം ഉണ്ടാക്കുന്നതിനുവേണ്ടി രണ്ടും, മൂന്നും പ്രതികളുടെ ഒത്താശയോടെ ചിറയിൻകീഴ് പണ്ടകശാലയിൽ വാടകയ്ക്കെടുത്ത കെട്ടിടത്തിൽ സെക്കൻഡ് ഇനത്തിൽപ്പെട്ട വിലകുറഞ്ഞ വിദേശ മദ്യം വാങ്ങി, അതിൽ ഒട്ടിക്കുന്നതിനു കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന്റേതെന്ന് തോന്നിപ്പിക്കുന്ന വ്യാജ സ്റ്റിക്കറുകൾ നിർമ്മിച്ച് സൂക്ഷിച്ചിരുന്നു എന്നാണ് കേസ്. പ്രതികൾക്കു വേണ്ടി അഡ്വ. എം.എസ്. ഫൈസി ഹാജരായി.--