1

പൂവാർ: ചൊവ്വര ശാന്തിഗ്രാമിന്റെ നേതൃത്വത്തിൽകൃഷി ചെയ്യാൻ താല്പര്യമുള്ള കുടുംബാംഗങ്ങളെ പങ്കെടുപ്പിച്ച് വിഷ രഹിത പച്ചക്കറി കൃഷിക്ക് നാളെ തുടക്കമാകും. ഇതിന്റെ ഭാഗമായി മൂലക്കര പ്രദേശത്തെ ജൈവ പച്ചക്കറി കൃഷിയിൽ താല്പര്യമുള്ളവരെ സംഘടിപ്പിച്ച് പഠന ക്ലാസ് സംഘടിപ്പിച്ചു. എസ്. അപ്പുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ക്ലാസിന് ശാന്തിഗ്രാം പ്രകൃതി വിഭവ മാനേജ്മെന്റ് കോ-ഓർഡിനേറ്റർ എസ്. സുജനേതൃത്വം നൽകി. ക്ലാസ്സിൽ പങ്കെടുത്ത കുടുംബാംഗങ്ങൾക്ക് പയർ, നിത്യവഴുതന വിത്ത്, താൾ (ചേമ്പ്) തൈയ്യും ജീവാമൃതവും വിതരണം ചെയ്തു. നാളെ വൈകിട്ട് 5 ന് മുലക്കരയിലെ സ്വരവന്ദനത്തിലാണ് വിഷ രഹിത പച്ചക്കറി കൃഷിക്ക് തുടക്കം കുറിക്കും. ശാലിനി, കുമാരി, വിസ്മയ തുടങ്ങിയവർ നേതൃത്വം നൽകും. തുടർന്ന് മൂലക്കര മേഖലയിലെ ഓരോ വീട്ടിലും പച്ചക്കറി കൃഷി ആരംഭിക്കാനും പദ്ധതി തയ്യാറാക്കി. കൃഷിക്ക് ആവശ്യമായ കോഴിവളം, എല്ലുപൊടി, വിത്തുകൾ തുടങ്ങിയവ ആവശ്യക്കാർക്ക് ശാന്തിഗ്രാമിന്റെ നേതൃത്വത്തിൽ വീടുകളിൽ എത്തിച്ചു കൊടുക്കും. നാടൻ പശു അധിഷ്ഠിത ജൈവ കൃഷി അടിസ്ഥാനമാക്കിയുള്ള ടെറസ് കൃഷി, അടുക്കള തോട്ടം നിർമ്മാണം തുടങ്ങിയവയെയും പ്രോത്സാഹിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.