jan14b

ആറ്റിങ്ങൽ: ജാതിയുടെയും മതത്തിന്റെയും മതിൽക്കെട്ടുകൾക്ക് പുറത്ത് മനുഷ്യനാണ് വലുതെന്ന് തെളിയിക്കുകയാണ് ആറ്റിങ്ങൽ ഊരൂപൊയ്‌ക ' കൂട് ' വീട്ടിൽ എം.എ റഹീമും ഭാര്യ ഷീലയും. കേരളകൗമുദി ഏജന്റ് കൂടിയായ റഹീം മക്കൾക്ക് ജാതിയില്ലാ കല്യാണം നടത്തിയാണ് മാതൃകയായത്. മകൾ ഫാമിയുടെയും ഓച്ചിറ കൃഷ്ണപുരം ഞക്കനാൽ സജിവില്ലയിൽ എ.കെ. അഷ്റഫിന്റെയും ആർ. ഷീബയുടെയും മകൻ അനുവിന്റെയും വിവാഹം ഇന്നലെ രാവിലെ 10.30ന് ആറ്റിങ്ങൽ സബ് രജ്സ്ട്രാർ ഓഫീസിൽ നടന്നു. സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു ഇവരുടെ വിവാഹം. അനുവിനെയും ജാതിയും മതവും രേഖപ്പെടുത്താതെയായാണ് വളർത്തിയത്. പത്രത്തിൽ കണ്ട വിവാഹ പരസ്യത്തിൽ ആകൃഷ്ടനായാണ് റഹിം അഷ്റഫിനെ വിളിച്ചത്. വിവാഹ പത്രികയിലും അപേക്ഷയിലും ജാതിയില്ലാ കല്യാണം എന്ന് രേഖപ്പെടുത്തിയിരുന്നു. രണ്ടുപേരുടെയും സർട്ടിഫിക്കറ്റുകളിലും ആധാർ തുടങ്ങിയ രേഖകളിലും ജാതിയും മതയും രേഖപ്പെടുത്തിയിട്ടില്ല,​ ഇന്ത്യൻ എന്ന് മാത്രമാണുള്ളത്. വധൂവരന്മാരുടെ അച്ഛനമ്മമാരും സഹോദരങ്ങളും റഹീമിന്റെ അടുത്ത കൂട്ടുകാരും മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. റഹീമിന്റെയും ഷീലയുടെയും വിവാഹം എറെ വിവാദമായിരുന്നു. 1988 ഡിസംബർ 10ന് ശ്രീചിത്രാഹോമിൽ നിന്നാണ് ഷീലയെ റഹീം ജീവിതത്തിലേക്ക് ക്ഷണിച്ചത്. ഇവർക്ക് നാട്ടിൽ ഊരുവിലക്കുവരെ ഉണ്ടായി. റഹീമിന്റെ രക്ഷിതാക്കൾക്കുപോലും ഏറെ ദുരിതം അനുഭവിക്കേണ്ടിവന്നു. കളക്ടറുടെ ഉത്തരവിലും സംരക്ഷണയിലുമാണ് ഇവർ മുന്നോട്ടുപോയത്. അന്ന് മക്കളെ ജാതിയും മതവും ഇല്ലാതെ വളർത്തി സ്വതന്ത്രരായി ജീവിക്കാൻ വിടണമെന്ന് അവർ തീരുമാനിച്ചു. അവരെ സ്‌കൂളിൽ ചേർത്തപ്പോൾ ജാതിയുടെയും മതത്തിന്റെയും കോളത്തിൽ ' ഇല്ല ' എന്നാണ് രേഖപ്പെടുത്തിയത്. അ‌ഞ്ചുവർഷം മുമ്പ് മൂത്ത മകൻ ഗാഷയുടെ വിവാഹവും സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു. സരിതയാണ് ഗാഷയുടെ ഭാര്യ. ഇവരുടെ മകൻ ഇവാന്റെയും സ്‌കൂൾ രേഖകളിൽ ജാതിയോ മതമോ ചേർത്തിട്ടില്ല.