കല്ലമ്പലം: ഗൃഹനാഥനെ രാത്രിയിൽ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. നാവായിക്കുളം ഇരുപത്തെട്ടാം മൈൽ ആദർശ് ഭവനിൽ അനിൽകുമാറി (45) ന് നേരെയാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം രാത്രി 1.30 ഓടെ വീടിനു പുറത്ത് ബഹളം കേട്ടതിനെ തുടർന്ന് മുൻവാതിൽ തുറന്നിറങ്ങിയപ്പോഴാണ് സമീപത്ത് ഒളിഞ്ഞിരുന്നയാൾ കത്തികൊണ്ട് കുത്തിയ ശേഷം ഓടി രക്ഷപ്പെട്ടത്. അപ്രതീക്ഷിതമായ ആക്രമണത്തിൽ പെട്ടെന്ന് പിന്നോട്ട് മാറിയതിനാൽ കാലിനാണ് പരുക്കേറ്റത്. തുടർന്ന് പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവം നടന്ന് മൂന്നു ദിവസം പിന്നിട്ടിട്ടും പ്രതിയെ പൊലീസ് പിടികൂടുന്നില്ലെന്നാണ് പരാതി. നടപടിയുണ്ടായില്ലെങ്കിൽ ഉന്നതർക്ക് പരാതി നൽകുമെന്ന് അനിൽകുമാറിന്റെ ബന്ധുക്കൾ പറഞ്ഞു.