തിരുവനന്തപുരം: പ്ലാസ്റ്റിക് ഇല്ലാതെ ബുദ്ധിമുട്ടാണെന്ന് കരുതുന്നവർക്കുള്ള മറുപടിയാണ് കനകക്കുന്ന് സൂര്യകാന്തിയിൽ ഇന്നലെ ആരംഭിച്ച ശുചിത്വസംഗമം പ്രദർശന വിപണനമേള. പുനരുപയോഗിക്കാവുന്ന നോട്ട്ബുക്കുകൾ, പേന, പെൻസിൽ, പേപ്പർ, മുള കൊണ്ടുള്ള ടൂത്ത് ബ്രഷുകൾ, ഇല, സ്റ്റീൽ മുതലായവ കൊണ്ടുള്ള സ്‌ട്രോകൾ എന്നിവയിൽ തുടങ്ങി ഖരമാലിന്യ സംസ്‌കരണത്തിനുള്ള ഹോം കമ്പോസ്റ്റർ, ഇന്റർലോക്കിംഗ് ടൈലുകൾ, സാനിട്ടറി നാപ്കിൻ ഇൻസിനറേറ്ററുകൾ, ഉറവിട മാലിന്യം ശേഖരിക്കുന്നതിനുള്ള കളക്ഷൻ ഹബ്ബുകൾ, ജൈവവള നിർമ്മാണ യൂണിറ്റുകൾ, മെത്ത, പായ കൊണ്ട് നിർമ്മിച്ച ബയോ ബിന്നുകൾ, വെള്ളത്തിൽ ലയിക്കുന്ന കാരിബാഗുകൾ തുടങ്ങിയവ ഈ പ്രദർശനത്തിലുണ്ട്. ഇന്നലെ വൈകിട്ട് അഞ്ചിന് മന്ത്രി എ.സി. മൊയ്‌തീൻ മേള ഉദ്ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അദ്ധ്യക്ഷനായി. ഹരിതകേരളം മിഷനും തദ്ദേശ സ്വയംഭരണ വകുപ്പും ശുചിത്വ മിഷനും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. തദ്ദേശ ഭരണസ്ഥാപനങ്ങളുടെ ശുചിത്വമാതൃകകൾ ഉൾപ്പെടുത്തി തിരുവനന്തപുരത്ത് 21, 22 തീയതികളിൽ നടക്കുന്ന ദേശീയ ശില്പശാലയുടെ ഭാഗമായാണ് മേള ഒരുക്കിയിട്ടുള്ളത്. ശുചിത്വസംഗമം 21ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.സി. മൊയ്‌തീൻ അദ്ധ്യക്ഷനാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ ഹരിത അവാർഡും സംഗമത്തിൽ വിതരണം ചെയ്യും.