തിരുവനന്തപുരം : മെഡിക്കൽ കോളേജിന്റെ ഭാഗമായ എസ്.എ.ടി ആശുപത്രിയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. എസ്.എ.ടി. ആശുപത്രിയിൽ നൂതന പീഡിയാട്രിക് അത്യാഹിത വിഭാഗം, കെ.എ.എസ്.പി. കൗണ്ടർ, മിഠായി ക്ലിനിക്ക്, നവീകരിച്ച മെഡിക്കൽ റെക്കാർഡ് ലൈബ്രറി, അൾട്രാസൗണ്ട് സ്‌കാനിംഗ് മെഷീൻ എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ആശുപത്രിയെ ആധുനികവത്കരിക്കുന്നതിനുള്ള വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. ആർദ്രം പദ്ധതി പ്രകാരമുളള കേരളത്തിലെ ആദ്യത്തെ രോഗീസൗഹൃദ ഒ.പി, എസ്.എ.ടി ഗൈനക് വിഭാഗത്തിലാണ് ആരംഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി. കൗൺസിലർ എസ്.എസ്. സിന്ധു അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.കെ. അജയകുമാർ എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാർ, കൗൺസിലർ ജോൺസൺ ജോസഫ്, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദ്, സാമൂഹ്യ സുരക്ഷ മിഷൻ എക്‌സി. ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ, ആശുപത്രി വികസന സമിതി അംഗങ്ങളായ ഡി.ആർ. അനിൽ, അനിത,നഴ്സിംഗ് ഓഫീസർ എസ്. അനുരാധ, ആശുപത്രി വികസന സമിതി അംഗങ്ങൾ, ജീവനക്കാർ, വിദ്യാർത്ഥികൾ, എന്നിവർ പങ്കെടുത്തു.