തിരുവനന്തപുരം: ആറാണ്ടിലൊരിക്കൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന ആചാരപ്രധാനമായ മുറജപത്തിന് ഇന്ന് സമാപനമാകും. മുറജപ സമാപനത്തോടനുബന്ധിച്ച് ഒരുക്കുന്ന ലക്ഷദീപത്തിൽ ക്ഷേത്രവും പരിസരവും പ്രഭാപൂരിതമാകും. 56 ദിവസം നീണ്ടുനിന്ന മുറജപത്തിന്റെ ഏഴാമത്തSതും അവസാനത്തേതുമായ മുറയുടെ സമാപനം സൂചിപ്പിച്ച് രാത്രി മുറശീവേലി നടക്കും. മുറശീവേലി തൊഴാൻ 21,000 ഭക്തർ മതിലകത്തെത്തും. സമാനമായ ഭക്തസഞ്ചയം പദ്മതീർത്ഥക്കരയിലും ലക്ഷദീപ കാഴ്ചയുടെ വിരുന്നിനെത്തും. ക്ഷേത്രപരിസരത്ത് കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇന്ന് സന്ധ്യയ്ക്ക് 6.30ന് പ്രധാന ഗോപുരത്തിലെയും മറ്റ് നടകളിലെ ഗോപുരങ്ങളിലും ക്ഷേത്രത്തിനുള്ളിലും വൈദ്യുതവിളക്കുകൾ മിഴിതുറക്കും. രാത്രി 7.45ന് എണ്ണവിളക്കുകൾ കത്തിക്കും. 8.30ന് ഗരുഡവാഹനത്തിൽ മുറശീവേലി ആരംഭിക്കും. സ്വർണവാഹനത്തിലാണ് ശ്രീപദ്മനാഭസ്വാമിയെ എഴുന്നെള്ളിക്കുന്നത്. തെക്കേടം നരസിംഹമൂർത്തി, തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമി എന്നീ വിഗ്രഹങ്ങളും ശീവേലി എഴുന്നെള്ളത്തിനുണ്ടാകും. ക്ഷേത്രം സ്ഥാനി മൂലം തിരുനാൾ രാമവർമ്മ ശീവേലിക്ക് അകമ്പടി പോകും. ക്ഷേത്രം ഉദ്യോഗസ്ഥരും രാജകുടുംബാംഗങ്ങളും അനുഗമിക്കും. മൂന്ന് പ്രദക്ഷിണത്തോടെ ശീവേലി സമാപിക്കും. ഭക്തരുടെ സൗകര്യാർത്ഥം നാളെയും മറ്റന്നാളും കൂടി ലക്ഷദീപ സജ്ജീകരണം ആവർത്തിക്കും. ഇന്നത്തെ തിരക്ക് കുറയ്ക്കാനും കൂടുതൽ പേർക്ക് ലക്ഷദീപം കാണാൻ സൗകര്യമൊരുക്കുന്നതിനും വേണ്ടിയാണിത്. തിരക്ക് നിയന്ത്രിക്കാനും ദർശനത്തിനും പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയതായി എക്‌സിക്യൂട്ടീവ് ഓഫീസർ വി. രതീശൻ അറിയിച്ചു. ഉള്ളിലും പുറത്തും സുരക്ഷയ്ക്ക് പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ക്ഷേത്രപരിസരത്തും സമീപ റോഡുകളിലും രാവിലെ 10 മുതൽ രാത്രി 9 വരെ ഗതാഗതത്തിനും പാർക്കിംഗിനും നിയന്ത്രണമുണ്ടാകും. ലക്ഷദീപം തൊഴാൻ പ്രത്യേക പാസ് വാങ്ങിച്ചവരെ നാല് നടയിലൂടെയും പ്രവേശിപ്പിക്കും. മൂന്ന് ഘട്ടമായുള്ള സുരക്ഷാ പരിശോധനകൾക്കു ശേഷമായിരിക്കും ഭക്തരെ അകത്തുവിടുക. അലങ്കാര ഗോപുരത്തിലും ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിലും ലക്ഷദീപത്തോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള വൈദ്യുത അലങ്കാര ദീപങ്ങളുടെ ട്രയൽ ഇന്നലെ വൈകിട്ട് നടന്നു.


 ലക്ഷദീപം തൊഴാൻ രജനീകാന്തും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ലക്ഷദീപ കാഴ്ച കണ്ടുതൊഴാൻ സൂപ്പർതാരം രജനീകാന്തും എത്തുമെന്നറിയുന്നു. ഇന്ന് വൈകിട്ട് വടക്കേനടയിലെ വി.ഐ.പി കവാടം വഴിയായിരിക്കും താരമെത്തുക. ആരാധകരുടെ തിരക്ക് ഒഴിവാക്കാൻ താരത്തിന്റെ സന്ദർശന സമയം ഉൾപ്പെടെയുള്ള വിവരങ്ങൾ അധികൃതർ രഹസ്യമാക്കി വച്ചിരിക്കുകയാണ്.

 പദ്മതീർത്ഥക്കരയിൽ മെഗാ നൃത്തശില്പം

മുന്നൂറോളം കലാകാരന്മാർ പങ്കെടുത്ത മെഗാ നൃത്തമേളയോടെ മുറജപത്തിന്റെ ഭാഗമായുള്ള കലാപരിപാടികൾക്ക് പദ്മതീർത്ഥക്കരയിൽ സമാപനമായി. കഥകളി, കഥക്, മണിപ്പൂരി, ഭരതനാട്യം, മോഹിനിയാട്ടം, മറ്റ് സമകാലീന നൃത്തരൂപങ്ങൾ എന്നിവ സമന്വയിപ്പിച്ചുകൊണ്ട് സൂര്യ കൃഷ്ണമൂർത്തി അണിയിച്ചൊരുക്കിയ 'രാധേശ്യാം' എന്ന നൃത്തശില്പമാണ് കാഴ്ചക്കാരുടെ മനം കവർന്നത്. പദ്മതീർത്ഥത്തിന് നടുവിൽ ഒരു താത്കാലിക ദ്വീപ് നൃത്തത്തിനായി തയ്യാറാക്കിയിരുന്നു. അതിൽ കഥകളി വേഷത്തിലുള്ള കൃഷ്ണനും രാധയും പ്രണയം പങ്കിട്ടു. ശ്രീപദ്മനാഭ സ്‌തുതിയോടെയായിരുന്നു നൃത്തശില്പത്തിന് തുടക്കമായത്. തുടർന്ന് പഴവങ്ങാടി ഗണപതിക്ക് വന്ദനസ്‌തുതിയും 'അലൈപായുതേ കണ്ണാ' എന്ന കീർത്തനവും. കുളത്തിന് പടിഞ്ഞാറ് തന്ത്രിമഠത്തിന് താഴെയും തെക്കും വടക്കുമുള്ള പടവുകളിലുമാണ് നൃത്തം അരങ്ങേറിയത്. കരുവേലപ്പുരയ്ക്ക് മുന്നിലെ പടവിന് താഴെ നടന്ന വെള്ളത്തിൽ വേലകളിയും വ്യത്യസ്‌തമായി. വർണത്തിൽ മുങ്ങിയ പദ്മതീർത്ഥത്തിലെ വെള്ളത്തിൽ, നൃത്തത്തിന്റെ നിഴൽ വീഴുന്ന വിധമാണ് അവതരണം ക്രമീകരിച്ചത്. പങ്കെടുക്കുന്നവരുടെയും കാഴ്ചക്കാരുടെയും സുരക്ഷയ്ക്കായി കുളത്തിന് സമീപം ലൈഫ് ഗാർഡുകൾ, ബോട്ടുകൾ എന്നിവയും സജ്ജമാക്കിയിരുന്നു.