തിരുവനന്തപുരം: സി.എസ്.ഐ സഭയുടെ പുതിയ മോഡറേറ്ററായി ദക്ഷിണ കേരള മഹായിടവക ബിഷപ്പ് ധർമ്മരാജ് റസാലം സ്ഥാനമേറ്റു. തിരുച്ചിറപ്പള്ളിയിൽ നടന്ന സി.എസ്.ഐ സഭയുടെ 36ാമത് ത്രൈ വാർഷിക സിനഡ് സമ്മേളന സമാപന ദിവസമാണ് പുതിയ നേതൃത്വം സ്ഥാനമേറ്റെടുത്തത്. 2020-2023 ത്രൈവർഷത്തേക്കുള്ള ഡെപ്യൂട്ടി മോഡറേറ്ററായി ഡോ.റൂബൻ മാർക്ക് (കരിം നഗർ മഹായിടവക ബിഷപ്പ്), ജനറൽ സെക്രട്ടറിയായി ഫെർണാണ്ടസ് രത്നരാജ (മധുരൈ - രാമനാട് മഹായിടവക), ട്രഷററായി പ്രൊഫ. ഡോ. വിമൽ സുകുമാർ (മേഡക് മഹായിടവക) എന്നിവരും ചുമതലയേറ്റു. ബിഷപ്പ് തോമസ് കെ. ഉമ്മൻ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. 24 മഹായിടവകകളിൽ നിന്നായി 400ഓളം പ്രതിനിധികളാണ് സിനഡിൽ പങ്കെടുത്തത്.