തിരുവനന്തപുരം:മലയാള സിനിമയിലെ നിറസാന്നിദ്ധ്യമായിരുന്ന സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ ഓർമ്മകളുമായി സുഹൃത്തുക്കളും ചലച്ചിത്ര പ്രവർത്തകരും ഒത്തുകൂടി. ലെനിൻ രാജേന്ദ്രന്റെ വേർപാടിന് ഒരു വർഷം തികഞ്ഞ വേളയിലാണ് 'മകരമഞ്ഞ് ' എന്ന അനുസ്മരണ പരിപാടി ടാഗോർ തിയേറ്ററിൽ നടന്നത്.
ലെനിൻ രാജേന്ദ്രന്റെ കലാസൃഷ്ടികൾ പാഠ്യവിഷയവും ഗവേഷണ സാദ്ധ്യതയുള്ളതുമാണെന്ന് കെ.ടി.ഡി.സി ചെയർമാൻ എം.വിജയകുമാർ പറഞ്ഞു. ഒരുപാട് സൃഹൃദ് ബന്ധങ്ങളുള്ള ആളായിരുന്നു ലെനിൻ രാജേന്ദ്രനെന്ന് സംവിധായകൻ ടി.കെ.രാജീവ് കുമാർ പറഞ്ഞു. ലെനിൻ രാജേന്ദ്രന്റെ കലാസൃഷ്ടികൾ കോർത്തിണക്കിയ ഡോക്യുമെന്ററി ചടങ്ങിൽ പ്രദർശിപ്പിച്ചു. സംവിധായകൻ മധുപാലും ലെനിന്റെ ഓർമ്മകൾ പങ്കുവച്ചു.
അനുസ്മരണ പ്രഭാഷണത്തിന് ശേഷം ലെനിൻ രാജേന്ദ്രൻ സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കിയ സംഗീത നൃത്തസന്ധ്യയും അരങ്ങേറി. കല്ലറ ഗോപൻ, രാജലക്ഷ്മി, ജി.ശ്രീറാം തുടങ്ങിയവർ അദ്ദേഹത്തിന്റെ സിനിമകളിലെ ഗാനങ്ങൾ ആലപിച്ചു.