ശ്രീകാര്യം: പൗഡിക്കോണം ഗാന്ധിപുരത്ത് മണ്ണുമാഫിയയുടെ വെട്ടേറ്റ് യുവാവിന് പരിക്കുപറ്റി. പൗഡിക്കോണം സ്വദേശിയായ അഭിലാഷിനാണ് വെട്ടേറ്റത്. മണ്ണ് മാഫിയ സംഘത്തിലെ രാജേഷ്, വീപ്പ ബിനു എന്ന ബിനു എന്നിവരുൾപ്പെടുന്ന അഞ്ചംഗ സംഘമാണ് വെട്ടിയതെന്ന് ശ്രീകാര്യം പൊലീസ് പറഞ്ഞു.

ഇന്നലെ വൈകിട്ട് മണ്ണ് അടിക്കുന്നതിനിടെ പൊടിപടലങ്ങൾ ഉണ്ടായത് അഭിലാഷിന്റെ അമ്മൂമ്മ ചോദ്യം ചെയ്തിരുന്നു. തുടർന്ന് മണ്ണ് മാഫിയ സംഘം വൃദ്ധയെ അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്തപ്പോഴാണ് അഭിലാഷിന് വെട്ടേറ്റത്. തലയ്ക്ക് വെട്ടേറ്റ അഭിലാഷിനെ ശ്രീകാര്യം പൊലീസാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയത്. പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയി. ശ്രീകാര്യം പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരിടവേളയ്ക്ക് ശേഷം ഈ മേഖലയിൽ മണ്ണ് മാഫിയ സംഘം സജീവമായിരുന്നു. ശ്രീകാര്യം, കഴക്കൂട്ടം, പോത്തൻകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ മണ്ണ് മാഫിയകൾ തമ്മിൽ സംഘർഷം നടക്കാൻ സാദ്ധ്യതയുള്ളതായി ചൂണ്ടിക്കാട്ടി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു.